തിരുവനന്തപുരം : ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ വേദിയായ ലോക കേരള സഭക്ക് തുടക്കം. അഞ്ചാം ലോക കേരള സഭയ്ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇന്ന് ലോകത്തിന് തന്നെ മാതൃകയായ ഒരു സംവിധാനമായി ലോക കേരള സഭ മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരള നിർമ്മിതിക്കായി എൽഡിഎഫ് സർക്കാർ രൂപം കൊടുത്ത പുതിയ നയസമീപന രേഖ ഈ സമ്മേളനത്തിൽ ചർച്ചയാവും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനങ്ങളെയും ഉപരോധങ്ങളെയും അതിജീവിച്ച് കേരളം മുന്നേറുന്നത് നമ്മുടെ നാടിന്റെ ഇച്ഛാശക്തി കൊണ്ടാണ്. വിഴിഞ്ഞം തുറമുഖം മുതൽ ദേശീയപാത വികസനം വരെയും, ലൈഫ് മിഷൻ മുതൽ ആർദ്രം മിഷൻ വരെയുമുള്ള പദ്ധതികൾ പത്തു വർഷത്തിനുള്ളിൽ ഈ നാടിന്റെ മുഖച്ഛായ മാറ്റിമറിച്ചു. പ്രവാസി ക്ഷേമത്തിനായി നോർക്ക വഴി നടപ്പിലാക്കുന്ന സമഗ്ര പദ്ധതികളും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ലോകമലയാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് വികസിത രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനുള്ള യാത്രയിൽ നമുക്ക് ഒറ്റക്കെട്ടായി നീങ്ങാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.













