വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു വീഴേണ്ടി വന്നാലും പിന്നോട്ടില്ല; സമുദായ നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി സതീശൻ

വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു വീഴേണ്ടി വന്നാലും പിന്നോട്ടില്ല; സമുദായ നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി സതീശൻ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും രൂക്ഷവിമർശനങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായങ്ങളോ മതങ്ങളോ തമ്മിൽ ശത്രുത പാടില്ലെന്ന കോൺഗ്രസ് നിലപാടാണ് താൻ ഉയർത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ സമുദായ സംഘടനകൾക്കോ അവയുടെ നേതാക്കൾക്കോ എതിരല്ലെന്നും എന്നാൽ വർഗീയത ആര് പറഞ്ഞാലും അതിനെ വെള്ളം ചേർക്കാതെ എതിർക്കുമെന്നും സതീശൻ പറഞ്ഞു. ഇതിന്റെ പേരിൽ തനിക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച സതീശൻ, ഇതിനായി ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കേണ്ടി വന്നാലും താൻ പിന്നോട്ടില്ലെന്ന് വികാരാധീതനായി പറഞ്ഞു. വർഗീയതയുടെ മുന്നിൽ പിന്തിരിഞ്ഞോടിയിട്ട് പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കാൻ താൻ തയ്യാറല്ല. എല്ലാക്കാലത്തും വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു സമുദായ നേതാവിനെയും കാണില്ലെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും സിനഡ് യോഗത്തിൽ പങ്കെടുത്തതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദായ നേതാക്കളെ കാണുന്നതും വർഗീയതയ്ക്കെതിരെ പറയുന്നതും തമ്മിൽ ബന്ധമില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. പെരുന്നയിൽ താൻ പലതവണ പോയിട്ടുണ്ട്. കേരളത്തിലെ സമുദായ നേതാക്കളെല്ലാം വർഗീയ നേതാക്കളാണോ എന്ന് അദ്ദേഹം ചോദിച്ചു. താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും തന്റെ ഭാഗത്ത് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും പറഞ്ഞ അദ്ദേഹം, കോൺഗ്രസ് നേതൃത്വത്തിന് താൻ പറയുന്നതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമില്ലെന്നും വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് നോക്കുകുത്തിയാണെന്ന സുകുമാരൻ നായരുടെ പരാമർശത്തെയും അദ്ദേഹം പരോക്ഷമായി തള്ളിക്കളഞ്ഞു.

മുസ്ലിം ലീഗിനെ ഈ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് പരോക്ഷമായി വർഗീയത കൊണ്ടുവരാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും സതീശൻ ആരോപിച്ചു. ഇതിനെല്ലാം പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളുണ്ട്, അത് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ മുൻപ് മറ്റൊരു പ്രതിപക്ഷ നേതാവും നേരിടാത്ത തരത്തിലുള്ളതാണെന്നും ഇത് വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ, സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്ന സതീശൻ സഭാ സിനഡിൽ പോയത് തിണ്ണനിരങ്ങലല്ലേ എന്ന് സുകുമാരൻ നായർ ചോദിച്ചിരുന്നു. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിന് പാർട്ടി വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളാപ്പള്ളി നടേശനാകട്ടെ, സതീശനെ ‘ഇന്നലെ പൂത്ത തകര’ എന്ന് വിശേഷിപ്പിക്കുകയും ഈഴവരെ തകർക്കാൻ സതീശൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് പ്രമുഖ സമുദായ നേതാക്കളുടെയും കടന്നാക്രമണങ്ങൾക്കാണ് സതീശൻ ഇന്ന് കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയത്.

Share Email
LATEST
More Articles
Top