ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സ്വിറ്റ്‌സർലൻഡിലെ ദാവോസിലേക്കുള്ള യാത്രയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഞ്ചരിച്ച എയർ ഫോഴ്സ് വൺ വിമാനത്തിൽ സാങ്കേതിക തകരാർ. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ വിമാനത്തിലെ വൈദ്യുത സംവിധാനത്തിൽ ചെറിയ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം തിരിച്ചുവിടുകയായിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
വിമാനം ആകാശത്തായിരിക്കുമ്പോൾ പ്രസ് കാബിനിലെ ലൈറ്റുകൾ അണഞ്ഞതായി വിമാനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കാൻ അധികൃതർ തീരുമാനിച്ചത്. വിമാനം തിരിച്ചിറക്കിയ ഉടൻ തന്നെ ട്രംപ് മറ്റൊരു വിമാനത്തിലേക്ക് (എയർ ഫോഴ്സ് C-32) മാറിക്കയറി. പുലർച്ചെയോടെ അദ്ദേഹം സ്വിറ്റ്‌സർലൻഡിലേക്ക് വീണ്ടും യാത്ര തിരിച്ചു. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്നും ദാവോസ് യാത്രയിൽ മാറ്റമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം 40 വർഷത്തോളം പഴക്കമുള്ള വിമാനങ്ങളാണ് നിലവിൽ എയർ ഫോഴ്സ് വണ്ണായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരം പുതിയ വിമാനങ്ങൾ ഉടൻ സജ്ജമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഖത്തർ രാജകുടുംബം നൽകിയ ബോയിംഗ് 747-8 വിമാനം പുതുക്കിപ്പണിത് എയർ ഫോഴ്സ് വണ്ണാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്ന ട്രംപ് ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ലോക നേതാക്കളുമായി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.










