അജിത് പവാറിന്റെ മരണം: വിമാനക്കമ്പനിയിൽ ഡിജിസിഎ പരിശോധന; രേഖകൾ പിടിച്ചെടുത്തു

അജിത് പവാറിന്റെ മരണം: വിമാനക്കമ്പനിയിൽ ഡിജിസിഎ പരിശോധന; രേഖകൾ പിടിച്ചെടുത്തു
Share Email

മുംബൈ/ഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിജിസിഎ (DGCA). അപകടത്തിൽപ്പെട്ട ലിയർജെറ്റ് വിമാനം വാടകയ്ക്ക് നൽകിയ ഡൽഹി ആസ്ഥാനമായുള്ള ‘വിഎസ്ആർ’ (VSR) എന്ന കമ്പനിയിലാണ് അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തിയത്. ഡൽഹി മഹിപാൽപൂരിലെ കമ്പനി ഓഫീസിൽ നടന്ന പരിശോധനയിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

അപകടം നടന്ന ബാരാമതിയിൽ എൻഡിആർഎഫ് (NDRF), ഫോറൻസിക് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ വിശദമായ തെളിവെടുപ്പ് തുടരുകയാണ്. വിമാനത്തിന്റെ ഭാഗങ്ങളും മറ്റ് സാങ്കേതിക അവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ പൈലറ്റിന് സംഭവിച്ച പിഴവാണോ അപകടകാരണമെന്ന് വ്യക്തമാക്കുന്ന ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

കമ്പനിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഡിജിസിഎ പ്രത്യേകം പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കമ്പനി അധികൃതരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാജ്യത്തെ ഞെട്ടിച്ച ഈ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.


Share Email
Top