അജിത് പവാറിന് ഇന്ന് അന്ത്യയാത്ര: സംസ്‌കാരം രാവിലെ 11 ന് ബരാമതിയില്‍

അജിത് പവാറിന് ഇന്ന് അന്ത്യയാത്ര: സംസ്‌കാരം രാവിലെ 11 ന് ബരാമതിയില്‍

ബരാമതി: കഴിഞ്ഞദിവസം വിമാനാപകടത്തില്‍ മരണപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്പവാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബാരാമതിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമാണ് ബാരാമതിയിലേക്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ വൈകുന്നേരം പുനെ ജില്ലയിലെ വിദ്യാ പ്രതിഷ്ഠാന്‍ കാമ്പസിലെത്തിച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൂക്കളാല്‍ അലംകൃതമായ വാഹനത്തില്‍ ഭൗതിക ദേഹം കൊണ്ടുവന്നപ്പോള്‍ ‘അജിത് ദാദ അമര്‍ രഹെ’, ‘അജിത് ദാദ മടങ്ങി വരൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ ബാരാമതി മുഖരിതമായി.

ഇന്നു രാവിലെ ഒന്‍പതു വരെ കാറ്റേവാഡിയിലെ വസതിയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ജി.ഡി മഡ്ഗുല്‍ക്കര്‍ ഓഡിറ്റോറിയത്തില്‍ എത്തിക്കും. അവിടെ നിന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാന്‍ മൈതാനത്തേക്ക് കൊണ്ടുപോകും. പവാര്‍ കുടുംബം സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൈതാനത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പവാര്‍ കുടുംബവുമായി അടുത്ത ബന്ധമുള്ള ബാരാമതി നഗരം ഇന്നലെ മുതല്‍ കണ്ണീരിലാണ്.

ബാരാമതി വിമാനത്താവളത്തിനു സമീപം ബുധനാഴ്ച രാവിലെയാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ച വിമാനം തകര്‍ന്നുവീണത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ‘ദാദ’യുടെ അപ്രതീക്ഷിത വിയോഗം എന്‍സിപിക്കും ബിജെപി നയിക്കുന്ന ഭരണസഖ്യത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

Ajit Pawar's last rites today: Funeral at 11 am in Baramati
Share Email
Top