ഇറാനില്‍ ഭരണവിരുദ്ധ പ്രതിഷേധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 538 പേര്‍: ജീവന്‍ നഷ്ടമായതില്‍ 490 പ്രതിഷേധക്കാരും 48 സുരക്ഷാസേനാംഗങ്ങളും

ഇറാനില്‍ ഭരണവിരുദ്ധ പ്രതിഷേധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 538 പേര്‍: ജീവന്‍ നഷ്ടമായതില്‍ 490 പ്രതിഷേധക്കാരും 48 സുരക്ഷാസേനാംഗങ്ങളും

ലണ്ടന്‍: ഇറാനില്‍ സാമ്പത്തീക പ്രതിസന്ധി ഉള്‍പ്പെടെ രൂക്ഷമായതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഭരണകൂടവിരുദ്ധ പ്രതിഷേധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 538 പേര്‍. ഇതില്‍ 490 പ്രതിഷേധക്കാരും 48 സുരക്ഷാ സേനാംഗങ്ങളുമാണ് ഉള്‍പ്പെടുന്നത്.അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് കണക്ക് പുറത്തുവിട്ടത്.

ഏറ്റവും കുറഞ്ഞത് 10,600 പ്രതിഷേധക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഇതിനിടെ ഇറാനെതിരേ രൂക്ഷമായ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്‍ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞതായും അമേരിക്കന്‍ സൈന്യത്തിനു ഇ്ക്കാര്യത്തില്‍ ശക്തമായ മാര്‍ഗങ്ങളുണ്ടെന്നും ട്രംപ് പ്രതികരിച്ചു. വേണ്ടി വന്നാല്‍ ഞങ്ങള്‍ ഒരു തീരുമാനം എടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ബലപ്രയോഗം നടത്തരുതെന്ന് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നല്കി. ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണെന്നും മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇതിനിടെ ഇറാനിലെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ്. ശനിയാഴ്ച രാത്രി ടെഹ്റാനിലെ പുനാക് സ്‌ക്വയറില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. പ്രതിഷേധക്കാരുടെ മരണസംഖ്യ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങളില്‍ 109 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച സര്‍ക്കാര്‍ വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം വ്യാപിച്ചതോടെ രാജ്യത്തുടനീളം ഇന്റര്‍നെറ്റ് സംവിധാനം വിഛേദിക്കപ്പെട്ട നിലയിലാണ്.

anti-government protests in Iran so far: 490 protesters and 48 security personnel have lost their lives.

Share Email
LATEST
Top