തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ, മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെ അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ച തീയതി മുതൽ ആന്റണി രാജു എം.എൽ.എ സ്ഥാനത്തിന് അയോഗ്യനായതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷമോ അതിലധികമോ കാലയളവിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയുണ്ടാവില്ല. ഇതേത്തുടർന്നാണ് സ്പീക്കറുടെ നിർദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി നടപടി സ്വീകരിച്ചത്. ഇതോടെ തിരുവനന്തപുരം ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധിയായിരുന്ന ആന്റണി രാജു പ്രതിനിധീകരിച്ചിരുന്ന നിയമസഭാ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു.
ശിക്ഷാവിധി വന്നതോടെ ആന്റണി രാജുവിന് നിയമസഭയിൽ പ്രവേശിക്കാനോ വോട്ടെടുപ്പുകളിൽ പങ്കെടുക്കാനോ സാധിക്കില്ല. കോടതി വിധിയിൽ അപ്പീൽ നൽകി ശിക്ഷാവിധി സ്റ്റേ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് അയോഗ്യത നീക്കി സ്ഥാനത്തേക്ക് തിരികെയെത്താൻ കഴിയൂ. 36 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ കേസിൽ തൊണ്ടിമുതൽ മാറ്റിമറിച്ചതിന് ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.













