സമാധാനവും സന്തോഷവും ഇല്ലാതാക്കുന്നവരെ ചെറുത്തു തോല്‍പിക്കാനുള്ള നല്ലൊരായുധമാണ് കല: മുഖ്യമന്ത്രി

സമാധാനവും സന്തോഷവും ഇല്ലാതാക്കുന്നവരെ ചെറുത്തു തോല്‍പിക്കാനുള്ള നല്ലൊരായുധമാണ് കല: മുഖ്യമന്ത്രി

തൃശ്ശൂര്‍: സമാധാനവും സന്തോഷവും ഇല്ലാതാക്കുന്നവരെ ചെറുത്തുതോല്‍പിക്കാനുള്ള നല്ലൊരായുധമാണ് കലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യശ്ശൂരില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ 64-ാമത് കേരള സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.

മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും മനസ്സുകളെ ഒന്നിപ്പിക്കുന്ന കലയെ ഉയര്‍ത്തിപ്പിടിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. ഈ സ്‌കൂള്‍ കലാമേളയുടെ സന്ദേശം അതായിരിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കല മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നു. ഇതിന് ഏറ്റവും സഹായകമായത് സ്‌കൂള്‍ കലോത്സവങ്ങളാണ്. അതോടൊപ്പം കഥകളിയും മാപ്പിളപ്പാട്ടും ഒപ്പനയും മാര്‍ഗംകളിയുമെല്ലാം എല്ലാ മതത്തിലുംപെട്ട കുട്ടികള്‍ ഒന്നിച്ച് അവതരിപ്പിക്കുന്ന നാടെന്ന പ്രത്യേകത നമുക്കുണ്ട്. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണിത്. എക്കാലവും നമുക്ക് അത് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണമെന്നും അദേഹം പറഞ്ഞു.

കലയുടെ വലിയൊരു പ്രത്യേകത, അതിന്റെ അസ്വാദനം വ്യക്തിനിഷ്ഠമാണ് എന്നതാണ്. ഒരാള്‍ക്ക് മികച്ചത് എന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് മികച്ചതാണെന്നു തോന്നണമെന്നില്ല. ഒരാള്‍ക്ക് മോശമെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് മികച്ചത് എന്നു തോന്നുകയും ചെയ്യാം. ജൂറിയുടെ തീര്‍പ്പിനെ ഈ മനോഭാവത്തോടെ വേണം കാണാന്‍. പ്രകടമായ ഏതെങ്കിലും ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാല്‍ അത് അപ്പീല്‍ വഴി പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മത്സരിക്കുന്നത് കുട്ടികളാണെന്നും രക്ഷിതാക്കളല്ലെന്നുമുള്ള ഓര്‍മ്മ വേണം.

കുഞ്ഞുങ്ങളുടേത് ശുദ്ധമായ മനസ്സില്‍ കാലുഷ്യത്തിന്റെ കണികപോലും കടക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധര്‍മ്മമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Art is a good weapon to defeat those who destroy peace and happiness.

Share Email
LATEST
More Articles
Top