ലിന്‍സി ഫിലിപ്‌സ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം ഒരുങ്ങുന്നു. നിലവില്‍ ലഭിക്കുന്ന സൂചന പ്രകാരം ഏപ്രില്‍ രണ്ടാം വാരം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നേക്കും. കഴിഞ്ഞ തവണ ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. ഇത്തവണയും കേരളത്തില്‍ ഒറ്റഘട്ടമായിട്ടാവും തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടാം വാരത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തറങ്ങുക.
ഇതിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അടുത്ത മാസം ആദ്യം കേരളത്തില്‍ സന്ദര്‍ശനം നടത്തും. നിലവിലുള്ള മുന്നൊരുക്കങ്ങളില്‍ തെരഞ്ഞെുടുപ്പ് കമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി. മേയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മൂന്നാം വട്ടം അധികാരത്തുടര്‍ച്ചയ്ക്കായി ഇടതുമുന്നണിയും രണ്ടു തവണ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാനായി യുഡിഎഫും കച്ചമുറുക്കിപോരാട്ടത്തിനിറങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് ഗോധയില്‍ പോരാട്ടവീര്യമേറും. അട്ടിമറി വിജയം നേടാനായി ബിജെപി അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതോടെ പല മണ്ഡലങ്ങളിലും പോരാട്ടത്തിന്റെ താപനില ഉയരും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമീ ഫൈനലെന്നു വിശേഷിപ്പിച്ച തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയം യുഡിഎഫിന് ചില്ലറയല്ലാത്ത ആത്മവിശ്വാസമാണ് നല്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 എണ്ണത്തിലും യുഡിഎഫ് മേധാവിത്വം സ്വന്തമാക്കി. ബ്ലോക്ക് പഞ്ചായത്തില്‍ 152 എണ്ണത്തില്‍ 79 ഇടത്തും 87 മുനിസിപ്പാലിറ്റികളില്‍ 54 ലിലും യുഡിഎഫ് ആണ് ഭരണം സ്വന്തമാക്കിയത്. സംസ്ഥാനത്ത് ആറു കോര്‍പ്പറേഷനുകളില്‍ നാലിലും യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഏഴു ജില്ലകള്‍ വീതം സ്വന്തമാക്കി ഒപ്പത്തിനൊപ്പവും. ഇത് യുഡിഎഫിന് മികച്ച ആത്മവിശ്വാസമാണ് നല്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായി വയനാട്ടില്‍ രണ്ടു ദിവസത്തെ ക്യാമ്പും നടത്തി. തെരഞ്ഞെടുപ്പിലേക്കുള്ള തുടക്കവും ആരംഭിച്ചു. അടുത്ത മാസത്തോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനവുമുണ്ടാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
ഇടതു മുന്നണി മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍നിര്‍ത്തി തന്നെയാണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുന്നത്. സിറ്റിഗം എംഎല്‍എമാരില്‍ ഏറിയ പങ്കും അടുത്ത തവണയും മത്സര രംഗത്ത് ഉണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയവും ഇടതുമുന്നണിയെ പ്രതികൂലമായി ബാധിച്ചു. സിപിഐയ്‌ക്കെതിരേ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണിയ്ക്കുള്ളില്‍ കടുത്ത ചര്‍ച്ചയുമായി.
എന്‍ഡിഎ നേമത്ത് രാജീവ് ചന്ദ്രശേഖരന്റെ സ്ഥാനാര്‍ഥിത്വം ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമാക്കിയാണ് എന്‍ഡിഎയുടെയും പ്രവര്‍ത്തനം.
കേരളത്തിനോടൊപ്പം തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും
Assembly elections by mid-April: Notification by the second week of March; Fronts tighten their belts and heads













