ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി: വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി

ദില്ലിയിൽ നിന്ന് പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E 6650) ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ബോംബ് ഉണ്ടെന്ന് എഴുതിയ ഒരു ടിഷ്യൂ പേപ്പർ ലഭിച്ചതോടെയാണ് വിമാനം ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടത്. 8:46-ഓടെ എയർ ട്രാഫിക് കൺട്രോളിന് (ATC) സന്ദേശം ലഭിക്കുകയും, തുടർന്ന് 9:17-ഓടെ വിമാനം സുരക്ഷിതമായി ലാൻഡിങ് നടത്തുകയുമായിരുന്നു.

വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനം വളയുകയും ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു. സിഐഎസ്എഫ് (CISF), ബോംബ് സ്ക്വാഡ് എന്നിവർ ചേർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. വിമാനത്തിൽ ആകെ 238 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 222 മുതിർന്ന യാത്രക്കാരും എട്ട് കുട്ടികളും രണ്ട് പൈലറ്റുമാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടുന്നു. യാത്രക്കാരെല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയ ശേഷമാണ് പരിശോധന പൂർത്തിയാക്കിയത്.

വിമാനത്തിന്റെ കാർഗോ വിഭാഗത്തിൽ ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളും റേഡിയോ ആക്ടീവ് വസ്തുക്കളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ അധികൃതർ, അവർക്ക് ആവശ്യമായ ലഘുഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയതായി അറിയിച്ചു. വ്യാജ സന്ദേശം നൽകിയവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Share Email
LATEST
More Articles
Top