ഐഎസ് താവളങ്ങൾ തകർത്ത് ബ്രിട്ടനും ഫ്രാൻസും; സംയുക്ത വ്യോമാക്രമണത്തിൽ ഭീകരരുടെ ഭൂഗർഭ ആയുധശേഖരം തകർത്തു

ഐഎസ് താവളങ്ങൾ തകർത്ത് ബ്രിട്ടനും ഫ്രാൻസും; സംയുക്ത വ്യോമാക്രമണത്തിൽ ഭീകരരുടെ ഭൂഗർഭ ആയുധശേഖരം തകർത്തു

ലണ്ടൻ: സിറിയയിൽ സജീവമാകാൻ ശ്രമിക്കുന്ന ഐസിസ് ഭീകരർക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ബ്രിട്ടനും ഫ്രാൻസും ചേർന്ന് സംയുക്ത വ്യോമാക്രമണം നടത്തി. ശനിയാഴ്ച വൈകുന്നേരമാണ് സിറിയയിലെ പാൽമൈറയ്ക്ക് വടക്കുള്ള മലനിരകളിൽ ഒളിപ്പിച്ചിരുന്ന ഭീകരരുടെ ഭൂഗർഭ ആയുധശേഖരം ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ ആക്രമണം നടത്തിയത്. സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും സൂക്ഷിച്ചിരുന്ന ഈ രഹസ്യ താവളം പൂർണ്ണമായും തകർത്തതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരവാദം വീണ്ടും ശക്തിപ്പെടുന്നത് തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിതാന്ത ജാഗ്രതയുടെ ഭാഗമായാണ് ഈ നീക്കം.

ബ്രിട്ടീഷ് വ്യോമസേനയുടെ ടൈഫൂൺ എഫ്‌ജിആർ 4 യുദ്ധവിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഭൂഗർഭ അറകളിലേക്കുള്ള പ്രവേശന കവാടങ്ങൾ ലക്ഷ്യമിട്ട് അതീവ കൃത്യതയാർന്ന ‘പേവ്‌വേ 4’ (Paveway IV) ഗൈഡഡ് ബോംബുകളാണ് സൈന്യം പ്രയോഗിച്ചത്. ആക്രമണത്തിന് മുൻപ് തന്നെ പ്രദേശം നിരീക്ഷണത്തിലായിരുന്നുവെന്നും സാധാരണക്കാർക്ക് അപകടമില്ലെന്ന് ഉറപ്പുവരുത്തിയാണ് ബോംബുകൾ വർഷിച്ചതെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി. ദൗത്യം വിജയകരമായി പൂർത്തിയാക്കി എല്ലാ വിമാനങ്ങളും സുരക്ഷിതമായി താവളങ്ങളിൽ തിരിച്ചെത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കാൻ സഖ്യകക്ഷികൾക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന ബ്രിട്ടന്റെ ഉറച്ച നിലപാടാണ് ഈ ദൗത്യത്തിലൂടെ വെളിവാകുന്നതെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലമായി സിറിയയുടെ വിവിധ ഭാഗങ്ങളിൽ ഐസിസ് സാന്നിധ്യം വീണ്ടും വർദ്ധിച്ചുവരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ പാൽമൈറയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ ഭീകരർക്കെതിരെയുള്ള നീക്കങ്ങൾ അമേരിക്കയും സഖ്യകക്ഷികളും ശക്തമാക്കിയിരിക്കുകയാണ്. വിനാശകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഭീകരസംഘങ്ങളെ പൂർണ്ണമായും ഉന്മൂലനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്നും ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി.

Share Email
LATEST
More Articles
Top