കേപ് ടൗൺ: അമേരിക്കയുടെ ശക്തമായ എതിർപ്പുകൾക്കിടയിലും ദക്ഷിണാഫ്രിക്കൻ തീരത്ത് ചൈന, റഷ്യ, ഇറാൻ രാജ്യങ്ങൾ സംയുക്ത നാവികാഭ്യാസത്തിന് തുടക്കം കുറിച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഈ അഭ്യാസപ്രകടനം ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ‘വിൽ ഫോർ പീസ് 2026’ (Will for Peace 2026) എന്ന് പേരിട്ടിരിക്കുന്ന ഈ നാവികാഭ്യാസം ഒരാഴ്ച നീണ്ടുനിൽക്കും.
ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ അഭ്യാസത്തിൽ റഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ അത്യാധുനിക യുദ്ധക്കപ്പലുകളാണ് പങ്കെടുക്കുന്നത്. യുഎഇയുടെ കപ്പലുകളും ഇതിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകരും സന്നിഹിതരാണ്.
സമുദ്രവ്യാപാര പാതകളുടെ സംരക്ഷണം, കടൽക്കൊള്ള തടയൽ, രക്ഷാപ്രവർത്തനം എന്നിവയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യം. വെനിസ്വേലയിലെ അമേരിക്കയുടെ സൈനിക ഇടപെടലും, റഷ്യൻ എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തതും വലിയ തോതിലുള്ള അന്താരാഷ്ട്ര തർക്കങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ നടക്കുന്ന സംയുക്ത അഭ്യാസം പാശ്ചാത്യ രാജ്യങ്ങൾക്കുള്ള ശക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഈ നടപടി അമേരിക്കയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം അഭ്യാസങ്ങൾ നേരത്തെ പ്ലാൻ ചെയ്തതാണെന്നും അമേരിക്കയുടെ താല്പര്യങ്ങൾക്കനുസരിച്ച് തങ്ങളുടെ സൗഹൃദങ്ങൾ ഉപേക്ഷിക്കാനാവില്ലെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ നിലപാട്.
ചൈനയുടെ 161 മീറ്റർ നീളമുള്ള വിനാശിനി ‘തങ്ഷാൻ’, ഇറാന്റെ കൂറ്റൻ കപ്പലായ ‘മക്രാൻ’ തുടങ്ങിയവ ഈ സൈനിക അഭ്യാസത്തിന്റെ ഭാഗമാണ്. കേപ് ടൗണിന് സമീപമുള്ള സൈമൺസ് ടൗൺ നേവൽ ബേസ് കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തനങ്ങൾ നടക്കുന്നത്.












