ബംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആദായനികുതി വകുപ്പിൻ്റെ റെയ്ഡിനിടെ ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ കമ്പനിയുടെ ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് (ഐ.ടി) റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു സ്വന്തം തോക്കിൽ നിന്നും നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. അശോക് നഗറിലെ ഓഫീസിൽ സ്വന്തം ഓഫീസിൽ വെച്ചായിരുന്നു ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. കൊച്ചി സ്വദേശിയാണ് സി.ജെ റോയ്.
കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിലും, സിനിമാ നിർമാണത്തിലും സജീവ സാന്നിധ്യമായിരുന്നു സി.ജെ റോയ്.
നികുതി വെട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തിയതിനു പിന്നാലെയാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. എച്ച്.എസ്.ആർ ലേ ഔട്ട് നാരായണ ആശുപത്രിയിലാണ് മൃതദേഹം.
ഓഫീസുകളിലും വസതികളിലുമായി നടന്ന തുടർച്ചയായ റെയ്ഡുകളിൽ മാനസികമായി തകർന്നതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് റിപ്പോർട്ട്.













