തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രപ്രധാന നീക്കങ്ങളുമായി കോൺഗ്രസ്. വയനാട്ടിലെ ബത്തേരിയിൽ നടന്ന ‘ലക്ഷ്യ ക്യാമ്പിന്റെ’ ആദ്യഘട്ട ചർച്ചകൾ പൂർത്തിയാകുമ്പോൾ, സംസ്ഥാനത്തെ 85 മണ്ഡലങ്ങളിൽ യു.ഡി.എഫിന് വിജയം ഉറപ്പാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. മേഖല തിരിച്ചുള്ള അവലോകനത്തിലാണ് പാർട്ടി ഈ നിഗമനത്തിലെത്തിയത്. മൊത്തം 100 സീറ്റുകൾ വരെ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം എന്നീ അഞ്ച് ജില്ലകളിൽ നിന്ന് മാത്രമായി 40-ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് ക്യാമ്പിലെ കണക്കുകൂട്ടൽ. മധ്യകേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നേതൃത്വം, തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് നിലയാണ് ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്. മലപ്പുറത്ത് 16 സീറ്റുകളും എറണാകുളത്ത് 12 സീറ്റുകളും കോഴിക്കോട് 8 സീറ്റുകളും യു.ഡി.എഫ് ഉറപ്പിക്കുന്നു. തെക്കൻ കേരളത്തിലും മലബാറിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നാണ് ജില്ല തിരിച്ചുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
ജില്ല തിരിച്ചുള്ള സീറ്റ് പ്രതീക്ഷകൾ
കാസർഗോഡ് – 3, കണ്ണൂർ – 4, കോഴിക്കോട് – 8, വയനാട് – 3, മലപ്പുറം – 16, പാലക്കാട് – 5, തൃശ്ശൂർ – 6, എറണാകുളം – 12, ഇടുക്കി – 4, കോട്ടയം – 5, ആലപ്പുഴ – 4, പത്തനംതിട്ട – 5, കൊല്ലം – 6, തിരുവനന്തപുരം – 4 എന്നിങ്ങനെയാണ് നിലവിലെ വിലയിരുത്തൽ. 85 സീറ്റുകൾ സുരക്ഷിതമാണെന്ന് കണക്കാക്കുമ്പോഴും, അമിത ആത്മവിശ്വാസത്തിലേക്ക് കടക്കാതെ താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Congress Targets 100 Seats: ‘Lakshya Camp’ Predicts Sure Win in 85 Segments













