കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയെ വഞ്ചിച്ചുവെന്നും പാർട്ടി വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള പുറത്താക്കൽ. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ ‘കോടാലിക്കൈ’ ആയി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2022 ഏപ്രിൽ മാസത്തിൽ തന്നെ ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ഇപ്പോൾ വീണ്ടും ഉന്നയിക്കുന്നതെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിക്കുള്ളിൽ പരിഹരിക്കേണ്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വിളിച്ച് പറഞ്ഞത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലൂടെ പാർട്ടിയെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടന്നെന്ന കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാർട്ടിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, പാർട്ടിക്കുള്ളിലെ വിഭാഗീയതയല്ല, മറിച്ച് അച്ചടക്ക ലംഘനത്തിനുള്ള നടപടിയാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. പയ്യന്നൂരിലെ പാർട്ടി സംവിധാനത്തിൽ ഏറെ സ്വാധീനമുള്ള നേതാവായിരുന്ന കുഞ്ഞികൃഷ്ണനെ പുറത്താക്കിയത് പ്രാദേശിക തലത്തിൽ എന്ത് ചലനങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.













