തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് നീണ്ട ഇടത് ബന്ധം അവസാനിപ്പിച്ച് മുൻ എം.എൽ.എ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിച്ച രാപ്പകൽ സമര വേദിയിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സമരപ്പന്തലിൽ വെച്ചാണ് അവർക്ക് ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം നൽകിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐഷ പോറ്റി കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച പ്രാഥമിക ധാരണയായത്.
മൂന്ന് തവണ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലെത്തിയ ഐഷ പോറ്റിക്ക് കഴിഞ്ഞ തവണ സി.പി.എം സീറ്റ് നിഷേധിച്ചിരുന്നു. ഇതിനുശേഷം പാർട്ടിയുമായി അകന്നു കഴിയുകയായിരുന്നു അവർ. പാർട്ടിയിലെ ചില തീരുമാനമെടുക്കുന്നവർ മാത്രമാണ് തന്റെ പ്രശ്നമെന്നും, തന്നെ പാർട്ടി അവഗണിച്ചതായും ഐഷ പോറ്റി വ്യക്തമാക്കി.
2006-ൽ ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചുകൊണ്ടാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. “വർഗ്ഗവഞ്ചക എന്ന് എന്നെ വിളിച്ചേക്കാം, മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ എപ്പോഴും മനുഷ്യ പക്ഷത്തായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് ഐഷ പോറ്റി പ്രതികരിച്ചു.
ഐഷ പോറ്റിയുടെ വരവ് പാർട്ടിക്ക് വലിയ ഊർജ്ജം നൽകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി. സി.പി.എം വിട്ട് കൂടുതൽ നേതാക്കൾ യു.ഡി.എഫിലേക്ക് എത്തുമെന്ന സൂചനയും നേതൃത്വം നൽകുന്നുണ്ട്.











