മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാരുടെ ‘വിർച്വൽ അറസ്റ്റ്’ ഭീഷണി. മുംബൈ പൊലീസിൽ നിന്നാണെന്ന് വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട സംഘം, തിരുവഞ്ചൂരിന്റെ പേരിൽ മയക്കുമരുന്ന് കേസുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ തട്ടിപ്പുകാരുടെ തന്ത്രം തിരിച്ചറിഞ്ഞ തിരുവഞ്ചൂർ ഉടൻ തന്നെ ഡിജിപിക്ക് പരാതി നൽകുകയും സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ പണം നൽകണമെന്നുമാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ഔദ്യോഗിക പോലീസ് യൂണിഫോം ധരിച്ചാണ് തട്ടിപ്പുകാർ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടത്. കോട്ടയത്തെ വീട്ടിലിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു കോൾ വന്നതെന്നും സാധാരണക്കാരെ എങ്ങനെയാണ് ഇവർ കുടുക്കുന്നതെന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ സംഭവം കാരണമായെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു. അതീവ ജാഗ്രത പുലർത്തിയതിനാലാണ് വലിയൊരു ചതിക്കുഴിയിൽ നിന്ന് രക്ഷപെടാനായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ സംസ്ഥാന സൈബർ സെൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള ഇന്റർനെറ്റ് കോളുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം വ്യാജ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഭീഷണിക്ക് വഴങ്ങി പണം നൽകരുതെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മുൻ ആഭ്യന്തര മന്ത്രിയെപ്പോലൊരു ഉന്നത നേതാവിനെതിരെ പോലും ഇത്തരത്തിൽ ആക്രമണമുണ്ടായത് സൈബർ സുരക്ഷാ രംഗത്തെ വലിയ ആശങ്കയായാണ് വിലയിരുത്തപ്പെടുന്നത്.













