ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വടകരയിലെ ബന്ധുവീട്ടിൽ നിന്ന് പൊലീസ് പിടികൂടിയ ഷിംജിതയെ കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതോടെ ഷിംജിത ഒളിവിൽ പോവുകയായിരുന്നു.
ബസിൽ വെച്ച് ദീപക് തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ദീപക് കടുത്ത മാനസിക വിഷമത്തിലാവുകയും ജീവനൊടുക്കുകയുമായിരുന്നു. എന്നാൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷിംജിതയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചതായി ആരും പരാതി പറഞ്ഞില്ലെന്നാണ് ബസ് ജീവനക്കാരുടെ മൊഴി. സംഭവത്തിൽ കൂടുതൽ യാത്രക്കാരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യമൊരുക്കിയെന്നും തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും ദീപക്കിന്റെ കുടുംബം ആരോപിച്ചു. ഷിംജിത വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷിംജിത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കും. സമൂഹമാധ്യമങ്ങൾ വഴി നടത്തിയ വ്യാജ പ്രചാരണമാണ് ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.













