കോപ്പന്‍ഹേഗന്‍: ഡെണ്‍മാര്‍ക്കിന്റെ സ്വയംഭരണപ്രദേശമായ ഗ്രീന്‍ലാന്‍ഡ് സംബന്ധിച്ച് അമേരിക്കന്‍ അവകാശവാദം സജീവമായിരിക്കെ ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള നടപടികളുമായി ഡെന്മാര്‍ക്ക്.
1985-ല്‍ കൊണ്ടുവന്ന ആണവോര്‍ജ്ജ നിരോധനം പിന്‍വലിക്കാന്‍ ആലോചിക്കുന്നതെന്ന ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാനെന്നാണ് ഇതിനു നല്കിയിട്ടുള്ള വിശദീകരണം. എന്നാല്‍ മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ കൂടി ഇത്തരത്തിലൊരു നീക്കത്തിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.
ആണവ റിയാക്ടറുകള്‍ വഴി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനായാല്‍ ഊര്‍ജ്ജ ആവശ്യകതയില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിക്കുമെന്നാണ് ഊര്‍ജ്ജ മന്ത്രി ലാര്‍സ് ആഗാര്‍ഡ് വ്യക്തമാക്കുന്നത്. നിയന്ത്രണ പ്രക്രിയകള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍, റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യല്‍, ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ 2024 ലെ കണക്കുകള്‍ പ്രകാരം ഡെന്‍മാര്‍ക്കിലെ വൈദ്യുതി ഉല്‍പാദനത്തിന്റെ 58 ശതമാനവും കാറ്റില്‍ നിന്നാണ്. അവശേഷിക്കുന്ന 18 ശതമാനം ജൈവ ഇന്ധനങ്ങളാണ്. 11 ശതമാനം സൗരോര്‍ജ്ജത്തില്‍ നിന്നാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
Denmark to build nuclear reactor amid Greenland dispute











