വാഷിങ്ടണ്‍: ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഇറാനില്‍ തൂക്കിലേറ്റാനുള്ള ഇറാന്‍ ഭരണാധികാരിയുടെ തീരുമാനം നിര്‍ത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. വധശിക്ഷകള്‍ നിര്‍ത്തിവെച്ചതായി തങ്ങള്‍ക്കി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇറാനില്‍ വധശിക്ഷകള്‍ക്കുള്ള പദ്ധതികളൊന്നും നിലവിലില്ലെന്നും ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാരെ വേഗത്തില്‍ വിചാരണ ചെയ്യാനും വധിക്കാനും പദ്ധതിയിടുന്നതായി സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാനിലെ സംഭവവികാസങ്ങളില്‍ യുഎസ് ആശങ്ക പ്രകടിപ്പിക്കുകയും പ്രക്ഷോഭകര്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് ട്രംപ് തന്റെ ദേശീയ സുരക്ഷാ സംഘവുമായി ചര്‍ച്ച നടത്തി. ഇറാന്‍ -അമേരിക്കന്‍ ബന്ധം കൂടുതല്‍ വഷളാവുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ഖത്തറിലെ എയര്‍ ബേസലില്‍ നിന്നും അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങി.
ഇറാന്‍ തിരിച്ചടി ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് അമേരിക്കയുടെ തീരുമാനം. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസില്‍നിന്ന് മാറ്റാന്‍ നിര്‍ദേശം ലഭിച്ചതായി നയതന്ത്ര ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇത് ഒരു മുന്‍കരുതല്‍ നടപടിയാണെന്നും നിര്‍ബന്ധിത പിന്മാറ്റമല്ലെന്നും യുഎസ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് വിശദീകരിച്ചു.
Donald Trump assures Iran protesters will not be killed













