ബെംഗളൂരു ആദായനികുതി വകുപ്പ് ഓഫീസിൽ വെച്ച് അന്തരിച്ച പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ. റോയിയുടെ (57) പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വെടിയുണ്ട ഇടതു നെഞ്ചിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചതെന്ന് ബൗറിങ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. എം.എൻ അരവിന്ദ് വ്യക്തമാക്കി. നെഞ്ചിൽ തോക്ക് ചേർത്തുവെച്ച് സ്വയം വെടിയുതിർത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് ശരീരത്തിന്റെ പിൻഭാഗത്തുകൂടി പുറത്തുകടന്നതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ലാങ്‌ഫോർഡ് ടൗണിലുള്ള കമ്പനി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ചോദ്യം ചെയ്യലിനിടെ അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് മാറിയ റോയിയെ പിന്നീട് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് 6.35 എംഎം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് ഇപ്പോൾ വിശദമായ ലാബ് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.
അതേസമയം, സി.ജെ. റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കളും നിയമോപദേശകരും ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജോയിന്റ് കമ്മീഷണറുടെയും രണ്ട് എസ്.പിമാരുടെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആദായനികുതി കേസുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് ദുബായിലേക്ക് പോയിരുന്ന റോയി, ഉദ്യോഗസ്ഥരുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ തിരിച്ചെത്തിയത്.













