എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: നവകേരള നിര്‍മിതിക്കൊപ്പം പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ട ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തില്‍ ഫോമായുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സാന്നിധ്യമറിയിക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ജനുവരി 29, 30, 31 തീയതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന അഞ്ചാമത് ലോക കേരള സഭയില്‍ ബേബി മണക്കുന്നേല്‍, ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ എന്നിവര്‍ ഡെലിഗേറ്റുകളായിരിക്കും. 30, 31 തീയതികളില്‍ മേഖല അടിസ്ഥാന ചര്‍ച്ചകളും എട്ട് വിഷയാടിസ്ഥാന ചര്‍ച്ചകളും നടക്കും.
ഫോമാ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ ജോര്‍ജ് പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കുമെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. 125 രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍നിന്നുമായി 182 പ്രതിനിധികള്‍ക്കൊപ്പം 140 എം.എല്‍.എമാരും 20 എം.പിമാരും 9 രാജ്യസഭാംഗങ്ങളും ലേക കേരള സഭയില്‍ പങ്കെടുക്കും. ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയില്‍ പങ്കെടുക്കുന്നതാണ്.
പ്രവാസി മലയാളികളുടെ പ്രതിനിധികള്‍, കേരളത്തിലെ ജനപ്രതിനിധികള്‍ക്കൊപ്പം ചേര്‍ന്ന് ലോക മലയാളി സമൂഹത്തെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്ന വേദിയാണ് ലോക കേരള സഭ. കേരള വികസനത്തിന് ക്രിയാത്മക നിര്‍ദ്ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും പ്രവാസികളുടെ വിഷയങ്ങള്‍ മുഖ്യ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനുമുള്ള ജനാധിപത്യത്തിന്റെ വികസിത പ്ലാറ്റ്‌ഫോം ആയിട്ടാണ് ലോക കേരള സഭ നിര്‍വചിക്കപ്പെടുന്നത്. മൂന്നാം ലോക കേരള സഭയുടെ മേഖലാ സമ്മേളനം 2023 ജൂണില്‍ ന്യൂയോര്‍ക്കിലാണ് നടന്നത്.
FOMAA executive members will participate 5th Loka Kerala Sabha beginning on 29th January 2026













