ഫോമായ്ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാം, കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി പി രാജീവ്‌

ഫോമായ്ക്ക് വ്യവസായ പാര്‍ക്ക് തുടങ്ങാം, കേരള സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി പി രാജീവ്‌

എ.എസ് ശ്രീകുമാര്‍

കൊച്ചി: ഫോമായ്ക്ക് കേരളത്തില്‍ സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാമെന്നും അതിന് കേരള സര്‍ക്കാര്‍ എല്ലാവിധ പിന്തുണ നല്‍കുമെന്നും ഇതിനായി പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്നും വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ ഫോമാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വ്യവസായം ആരംഭിക്കുന്നതിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒരു മിനിറ്റിനുള്ളില്‍ തന്നെ താത്കാലിക ലൈസന്‍സ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്ക് ചാരിറ്റിയേക്കാള്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്മ ഇന്‍വെസ്റ്റ്‌മെന്റാണെന്നും, അതിലൂടെ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. തങ്ങള്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ കേരളം 28-ാം സ്ഥാനത്തായിരുന്നു. 2026-ലെ റാങ്കിംഗില്‍ ഒന്നാമതെത്തുമെന്ന വാഗ്ദാനം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ജനവിധി തേടിയ സര്‍ക്കാര്‍, 2023-ല്‍ തന്നെ ഒന്നാം സ്ഥാനത്തെത്തിയതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ 97.3 ശതമാനം പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച ബിസിനസ് മീറ്റില്‍ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് സ്വാഗതമാശംസിച്ചു. ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ ആമുഖ പ്രസംഗം നടത്തി. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയുടെ മനോഹരമായ ഫ്യൂഷനോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. വാണിജ്യ വ്യാപാര വിഷയങ്ങളില്‍ ഗൗരവതരമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനവേണ്ടിയാണ് ഫോമാ ഈ ബിസിനസ് മീറ്റ് സംഘടിപ്പിച്ചതെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.

സാമൂഹിക പ്രസക്തമായ വിവധ വിഷയങ്ങളില്‍ ഫോമായുടെ ഇടപെടലുകള്‍ പ്രശംസാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനേയ് വിശ്വം പറഞ്ഞു. ലോകത്തിന്റെ നിറുകയിലേയ്ക്ക് കേരളം നടന്നുകയറുകയാണെന്നും നാട്ടിലെ ചടുലമായ മാറ്റങ്ങള്‍ സന്തോഷമുണ്ടാക്കുന്നുവെന്നും ഫോമായ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്‌ളവേഴ്‌സ് -24 ടി.വി എം.ഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഫോമാ നാഷണന്‍ കണ്‍വന്‍ഷന്‍-2026 ചെയര്‍മാന്‍ സുബിന്‍ കുമാരനായിരുന്നു ബിസിനസ് മീറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍.

ചടങ്ങില്‍ ജോണി ലൂക്കോസ് (ന്യൂസ് ഡയറക്ടര്‍ മനേരമ ടി.വി), ബിജു ലോസണ്‍-റാണി ലോസണ്‍ (ബറാക്ക് സ്റ്റഡി എബ്രോഡ്), സാബു ജോണി (എം.ഡി ഇ.വി.എം ഗ്രൂപ്പ്), സാജന്‍ വര്‍ഗീസ് (സാജ് ഗ്രൂപ്പ് സ്ഥാപകന്‍), മിനി സാജന്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ – സാജ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്), ലക്ഷ്മി സില്‍ക്ക്‌സ്, അച്ചായന്‍സ് ഗോള്‍ഡ്, ജോര്‍ജ് ജോസഫ് (മെറ്റ്‌ലൈഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ്), റെനീഷ് റഹ്‌മാന്‍ (ഒലിവിയ ഗ്രാമീണ്‍ ക്രെഡിറ്റ്‌സ്), ഡോ. അഭിജിത്ത് (ആത്മാ ഗ്രൂപ്പ്), പി.വി മത്തായി (ഒലിവ് ബില്‍ഡേഴ്‌സ്), ജോണ്‍ വര്‍ഗീസ്-ജോണ്‍ ഉമ്മന്‍ (പ്രോംപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), മാത്യു ജോസഫ് (സി.ഇ.ഒ ഫ്രഷ് ടു ഹോം), ഡോ. കെ പോള്‍ തോമസ് (ഇസാഫ് ബാങ്ക്) ജാക്‌സ് ബിജോയി (സംഗീത സംവിധായകന്‍), ജിത്തു ജോസ് (മണിപ്പാല്‍ ഗ്രൂപ്പ് കണ്‍സള്‍ട്ടന്റ്), സിബി അച്യുതന്‍ (എസ്.ഐ ഓഫ് പോലീസ്), എം.ജെ ജേക്കബ് (മുന്‍ എം.എല്‍.എ), എന്‍.എ ബെന്നി (എന്‍ സ്റ്റൈല്‍), എന്നിവര്‍ക്ക് വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരങ്ങള്‍ നല്‍കി.

ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ്‌സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര എന്നിവര്‍ സംസാരിച്ചു. ഐ.പി.സി.എന്‍.എ പ്രസിഡന്റ് രാജു പള്ളത്ത്, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജിജു കുളങ്ങര, കൊച്ചി മേയര്‍ അഡ്വ. മിനിമോള്‍ വി.കെ, മുന്‍ മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എം.പി, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് സാബു ചെറിയാന്‍, ഇ.വി.എം വീല്‍സ് സി.ഇ.ഒ ആന്‍സി സജി, കോ-ഓര്‍ഡിനേറ്റര്‍ സാബു കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ബിസിനസ് മീറ്റോടെ ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ 2026-ന് തിരശീല വീണു.

FOMAA Kerala Convention 2026 ended with business meet at Kochi

Share Email
LATEST
More Articles
Top