കോട്ടയം: ഫോമാ കേരള കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങരയെ സമാപന സമ്മേളനത്തില്‍ ആദരിച്ചു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും മെമന്റോ നല്‍കയും ചെയ്തു. ഷിക്കാഗോയിലെ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന പൊതുപ്രവര്‍ത്തകായ പീറ്റര്‍ കുളങ്ങര ആണ് കണ്‍വന്‍ഷനില്‍ നടന്ന ഫോമാ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

*

*

ശാരീരിക പ്രശ്‌നങ്ങള്‍ മൂലം വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സാമ്പത്തിക പാരാധീനത അനുഭവിക്കുന്നവര്‍ക്കുമെല്ലാം കൈത്താങ്ങാവുന്ന പദ്ധതികളാണ് കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന വിവിധ യോഗങ്ങളില്‍ നടപ്പാക്കിയത്. ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തില്‍ മാറ്റം വരുത്താനും സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഫോമാ കേരള കണ്‍വന്‍ഷനില്‍ ചാരിറ്റിക്ക് ഊന്നല്‍ നല്‍കിയതെന്ന് പീറ്റര്‍ കുളങ്ങര പറഞ്ഞു.

*

ഫോമാ കേരള കണ്‍വന്‍ഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പീറ്റര്‍ കുളങ്ങര നേതൃത്വം വഹിക്കുന്ന ഹാന്‍ഡിക്യാപ്ഡ് എജ്യുക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി അവശതയനുഭവിക്കുന്നവര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയറും മുച്ചക്ര സ്‌കൂട്ടറും അന്ധ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ബധിര വിദ്യാര്‍ത്ഥിനികള്‍ക്ക് ടാബ്‌ലറ്റും നല്‍കി. കേഴ്‌വി പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശ്രവണ സഹായിയും സ്വയം തൊഴില്‍ ശാക്തീകരണത്തിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍, എംബ്രോയ്ഡറി മെഷീന്‍ എന്നിവയും നല്‍കി.
FOMAA Kerala convention chairman Peter Kulangra honored for his charity movement













