അബുദാബി: ഗൾഫ് മലയാളികളെ കണ്ണീരിലാഴ്ത്തി അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. ദുബായിൽ വ്യാപാരിയായ കോഴിക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരണപ്പെട്ടത്.
അബുദാബിയിൽ നിന്ന് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് കരുന്നുകളുടെ വിയോഗം പ്രവാസലോകത്തിന് വലിയ ആഘാതമായി. അപകടത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ, അമ്മ, മകൾ എന്നിവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മരിച്ച ബുഷറ അബ്ദുൽ ലത്തീഫിന്റെ കുടുംബത്തോടൊപ്പം വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു













