അമരാവതി: ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലുള്ള ഒഎൻജിസി എണ്ണക്കിണറിലുണ്ടായ ശക്തമായ വാതകച്ചോർച്ചയെത്തുടർന്ന് പ്രദേശം കടുത്ത ഭീതിയിൽ. വാതകച്ചോർച്ചയ്ക്ക് പിന്നാലെ എണ്ണക്കിണറിന് തീപിടിച്ചതോടെ സ്ഥിതിഗതികൾ ഗുരുതരമായി. അപകടസാധ്യത കണക്കിലെടുത്ത് സമീപഗ്രാമങ്ങളിലെ നൂറുകണക്കിന് ആളുകളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
എണ്ണക്കിണറിൽ നിന്ന് വലിയ ശബ്ദത്തോടെ വാതകം പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് പരിഭ്രാന്തി പടർന്നത്. മണിക്കൂറുകൾക്കകം തീ ആളിപ്പടരുകയായിരുന്നു. ഒഎൻജിസിയിലെ വിദഗ്ധ സംഘവും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
വാതകത്തിന്റെ രൂക്ഷഗന്ധം കിലോമീറ്ററുകളോളം വ്യാപിച്ചിരിക്കുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീ പൂർണ്ണമായും അണയ്ക്കാൻ സമയമെടുക്കുമെന്നാണ് സൂചന. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സമാനമായ അപകടങ്ങൾ മുൻപും ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത് പ്രദേശവാസികളിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.












