തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. ഇന്ന് രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. തുടർന്ന് കവടിയാറിൽ വെച്ച് നടക്കുന്ന ബിജെപി ജനപ്രതിനിധികളുടെ വിപുലമായ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ബിജെപി പ്രതിനിധികളെ അമിത് ഷാ ഈ സമ്മേളനത്തിൽ അഭിസംബോധന ചെയ്യും.
വൈകുന്നേരം ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടക്കുന്ന കോർകമ്മിറ്റി യോഗത്തിലും എൻഡിഎ നേതാക്കളുടെ യോഗത്തിലും അമിത് ഷാ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി കേരളത്തിലെത്തുന്ന തീയതിയും ഇന്നത്തെ യോഗങ്ങളിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.













