തിരുവനന്തപരും: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷ ബജറ്റ് ഇന്ന് അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാാനം കടക്കാന്‍ മാസങ്ങള്‍ മാത്രം മുന്നിലുള്ളപ്പോള്‍ ജനകീയ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്കിയുള്ള പദ്ധതികളാവും ഇന്ന് രാവിലെ ഒന്‍പതിന് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാവുകയെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ നീതിയും പ്രായോഗിക സാമ്പത്തിക നയങ്ങളും സമന്വയിപ്പിച്ച് വോട്ടര്‍മാരുടെ വിശ്വാസം നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ 62 ലക്ഷം പേര്‍ക്ക് ലഭിക്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2025 ഒക്ടോബറില്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി ഉയര്‍ത്തിയിരുന്നു. ഇത് എല്‍ഡിഎഫിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. പെന്‍ഷന്‍ തുക 2500 രൂപയായി ഉയര്‍ത്താനും പുതിയ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കൊണ്ടുവരാനും സാധ്യതയുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ബജറ്റില്‍ ശമ്പള പരിഷ്‌കരണം പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് കാലം മുതല്‍ മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌കരണവും ആറ് ഗഡു ഡിഎ കുടിശ്ശികയും ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. തീരദേശ വികസനം, യുവ സംരംഭക സഹായം, മത്സ്യത്തൊഴിലാളി ക്ഷേമം, ഒരു ലക്ഷം ഭവന നിര്‍മാണം എന്നിവയിലും ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ വന്നേക്കുമെന്നാണ് പ്രതീക്ഷ
Hours left for the second Pinarayi government’s final budget presentation: Big announcements likely in election year













