ബസ് യാത്രയ്ക്കിടെ യുവതി ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. സംഭവത്തെക്കുറിച്ച് നോർത്ത് സോൺ ഡിഐജി ഗൗരവമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. അടുത്ത മാസം 19-ന് കോഴിക്കോട് വെച്ച് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ഈ കേസ് വിശദമായി പരിഗണിക്കും.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ യുവതി തന്റെ അക്കൗണ്ടുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. സൈബർ ഇടങ്ങളിലെ കടന്നാക്രമണവും പരസ്യമായ അപമാനവുമാണ് യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പരാതിക്കാർ ആരോപിക്കുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കർശന നടപടിക്ക് നിർദ്ദേശം നൽകിയത്.
യാതൊരു നിയന്ത്രണവുമില്ലാതെ സോഷ്യൽ മീഡിയ വഴി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ വ്യക്തികളുടെ ജീവിതത്തെയും അന്തസ്സിനെയും തകർക്കുന്നത് ഗൗരവമായി കാണണമെന്ന് കമ്മീഷൻ വ്യക്തമാക്കി. യുവതി ഉന്നയിച്ച ആരോപണങ്ങളിലെ സത്യാവസ്ഥയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങളും ഡിഐജി നേരിട്ട് പരിശോധിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം ഈ വിഷയത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ മനുഷ്യാവകാശ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.









