ദാവോസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് പദ്ധതിയില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാതെ ഇന്ത്യ. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ട്രംപ് തന്റെ സ്വപ്ന പദ്ധതിയായ ”ബോര്‍ഡ് ഓഫ് പീസ്” ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാല്‍, ഈ സംരംഭത്തിന്റെ ഉദ്ദേശ്യശുദ്ധിയെയും ആഗോള സ്വീകാര്ത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യ ഈ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനൊപ്പം വേദി പങ്കിടുകയും ചാര്‍ട്ടറില്‍ ഒപ്പുവെക്കുകയും ചെയ്തത് ശ്രദ്ധേയമായി.
ചടങ്ങില്‍ ട്രംപിന് വലതുവശത്തായിട്ടാണ് പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇരുന്നത്. ട്രംപിന് ഹസ്തദാനം നല്‍കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്ത ശേഷം അദ്ദേഹം കരാറില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നെങ്കിലും ഇന്ത്യ ചടങ്ങില്‍ പങ്കെടുത്തില്ല. ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ലോക നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍
അധ്യക്ഷത വഹിച്ച ട്രംപ്, ഹമാസിന്റെ നിരായുധീകരണം ചര്‍ച്ചയുടെ വിഷയമല്ലെന്ന് പറഞ്ഞു.
ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, ജര്‍മ്മനി തുടങ്ങിയ പ്രമുഖ രാജ്യങ്ങളും ഈ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. 35 രാജ്യങ്ങളാണ് നിലവില്‍ ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. പലസ്തീന്‍ വിഷയത്തില്‍ രണ്ട് രാഷ്ട്രങ്ങള്‍ എന്ന പരിഹാരത്തെ ഇന്ത്യ പിന്തുണയ്ക്കുമ്പോഴും, ട്രംപിന്റെ നിര്‍ദ്ദേശത്തിലെ സുരക്ഷാ-രാഷ്ട്രീയ വശങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.
India abstains from Trump’s official announcement of the Board of Peace













