ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി വിഭാവനം ചെയ്ത ‘ബോർഡ് ഓഫ് പീസ്’ (Board of Peace) സമിതിയിൽ ചേരാനുള്ള ക്ഷണത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗാസയിലെ യുദ്ധാനന്തര പുനർനിർമ്മാണത്തിനും ഭരണനിർവ്വഹണത്തിനുമായി രൂപീകരിച്ച ഈ ഉന്നതതല സമിതിയിലേക്ക് ഇന്ത്യയുൾപ്പെടെ അറുപതോളം രാജ്യങ്ങൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഗാസയിലെ സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം പ്രധാനമാണെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയെങ്കിലും, രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാർ അതീവ ജാഗ്രതയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്.
അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഇടപെടാനും സമാധാനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ സമിതിയുടെ പ്രവർത്തനരീതിയെക്കുറിച്ച് പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബോർഡ് ഓഫ് പീസ് ഐക്യരാഷ്ട്രസഭയുടെ (UN) പ്രസക്തിയെ ദുർബലപ്പെടുത്തിയേക്കുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ നിരീക്ഷിക്കുന്നു. കൂടാതെ, സമിതിയിൽ സ്ഥിര അംഗത്വം ലഭിക്കുന്നതിന് നിശ്ചിത തുകയുടെ സാമ്പത്തിക ബാധ്യത ആവശ്യമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.മറ്റ് പ്രമുഖ രാജ്യങ്ങളുടെ നിലപാടും അന്താരാഷ്ട്ര തലത്തിലുള്ള പ്രതികരണങ്ങളും വിലയിരുത്തിയ ശേഷം മാത്രമേ ഇന്ത്യ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാനെയും ഈ സമിതിയിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഗാസയിലെ ഭാവി കാര്യങ്ങളിൽ പാകിസ്ഥാന്റെ ഇടപെടൽ ഇസ്രായേൽ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയതും ചർച്ചയായിട്ടുണ്ട്. ഭാവിയിൽ കശ്മീർ പോലുള്ള തർക്കവിഷയങ്ങളിലും ട്രംപ് ഇത്തരം നയങ്ങൾ സ്വീകരിച്ചേക്കുമോ എന്ന ആശങ്കയും ഇന്ത്യൻ നയതന്ത്ര വിദഗ്ധർക്കിടയിലുണ്ട്. നിലവിൽ ഹംഗറി മാത്രമാണ് ഈ സമിതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.ഈ പശ്ചാത്തലത്തിൽ, തിടുക്കപ്പെട്ട് തീരുമാനമെടുക്കാതെ കാത്തിരുന്നു കാണാനാണ് ദില്ലിയുടെ തീരുമാനം.









