ന്യൂ ജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ പി സി എന്‍ എ) യുടെ 2026-27 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തു. രാജു പള്ളത്ത് (ന്യൂ ജേഴ്സി) ആയിരിക്കും അടുത്ത രണ്ടു വര്‍ഷങ്ങളില്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുക. അനില്‍ ആറന്മുള (ഹ്യൂസ്റ്റണ്‍) ജനറല്‍ സെക്രട്ടറി, ജയന്‍ ജോസഫ് (ന്യൂ ജേഴ്സി) ട്രെഷറര്‍, അനില്‍ ജേക്കബ് മറ്റത്തിക്കുന്നേല്‍ (ചിക്കാഗോ) വൈസ് പ്രസിഡണ്ട്, ഡോ. സിമി ജെസ്റ്റോ (ചിക്കാഗോ) ജോയിന്റ് സെക്രട്ടറി, കവിത മേനോന്‍ (കാനഡ) ജോയിന്റ് ട്രെഷറര്‍ എന്നിവരായിരിക്കും മറ്റു ഭാരവാഹികള്‍.
ഡിസംബര്‍ ഇരുപത്തിയാറിനു ചേര്‍ന്ന അഡൈ്വസറി ബോര്‍ഡാണ് പുതിയ ഭരണ സമിതിക്കു രൂപം നല്‍കിയത്. മുന്‍ പ്രസിഡണ്ട് സുനില്‍ ട്രൈസ്റ്റാര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുന്‍ സെക്രട്ടറി ഷിജോ പൗലോസ് പ്രിസിഡന്റ് ഇലെക്ട് എന്നീ പദവികള്‍ വഹിക്കും.
ഇന്ത്യ പ്രെസ് ക്ലബ്ബിന്റെ രൂപീകരണം മുതല്‍ സജീവ അംഗമായ രാജു പള്ളത്ത് ന്യൂ യോര്‍ക്ക് ചാപ്റ്ററിന്റെ മുന്‍ സെക്രട്ടറി മുന്‍ ദേശീയ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പ്രസിഡന്റ് ഇലെക്ട് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ന്യൂ ജേഴ്സിയില്‍ താമസിക്കുന്ന രാജു പള്ളത്ത് ഏഷ്യാനെറ്റ് ടീവി പ്രൊഡക്ഷനിലൂടെയാണ് മാധ്യമരംഗത്തെത്തുന്നത്. പാനാസോണിക് കമ്പനിയുടെ സര്‍വീസ് എഞ്ചിനീയര്‍ ആയിരുന്ന രാജു സിംഗപ്പൂരില്‍ നിന്നുമാണ് അമേരിക്കയിലെത്തിയത്. അമേരിക്കയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഏഷ്യാനെറ്റ് ജനപ്രിയ പരിപാടിയായിരുന്ന യൂ എസ് വീക്കിലി റൗണ്ട് അപ്പിന്റെ പ്രോഗ്രാം ഡിറക്ടറും പ്രൊഡ്യൂസറും ആയി വിജയകരമായി പ്രവര്‍ത്തിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസില്‍ പ്രക്ഷേപണം ചെയ്തിരുന്ന അമേരിക്കന്‍ കാഴ്ചകള്‍, അമേരിക്കന്‍ കിച്ചന്‍ മുതല്‍ നാലു സെഗ്മെന്റുകളുടെ പ്രൊഡ്യൂസര്‍ ആയിരുന്നു രാജു. ഇപ്പോള്‍ ഡിഷ് നെറ്റ്വര്‍ക്ക്, സ്ലിങ് ടീവി എന്നിവയുടെ നാഷണല്‍ റീട്ടെയ്ലര്‍ ആണ്. ന്യൂ ജേഴ്സിയിലെ സാംസ്‌കാരിക സംഘടനയായ ‘കാഞ്ച് ‘ന്റെ അഡൈ്വസറി ബോര്‍ഡ് മെംബറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയാണ് സ്വദേശം.
ജനറല്‍ സെക്രട്ടറി അനില്‍ ആറന്മുള 2010 മുതല്‍ ഇന്‍ഡ്യാ പ്രസ് ക്ലബിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഐ പി സി എന്‍ എ വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൂസ്റ്റന്‍ ചാപ്റ്റര്‍ രൂപീപകരണത്തിന് മുന്‍കയ്യെടുത്തവരില്‍ ഒരാളാണ്. ചാപ്റ്ററിന്റെ ആദ്യ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
39 വര്‍ഷമായി ഹൂസ്റ്റനില്‍ താമസിക്കുന്ന അനില്‍ 1990 മുതല്‍ ‘മലയാളംപത്ര’ത്തിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് . മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ മുന്‍ പ്രസിഡന്റ്, കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നേര്‍കാഴ്ച ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്. ഹൂസ്റ്റനിലെ പ്രശസ്തമായ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ സ്ഥാപകരില്‍ ഒരാളും മുന്‍ പ്രസിഡന്റുമാണ് അനില്‍ ആറന്‍മുള.
ട്രെഷറര്‍ ജയന്‍ ജോസഫ് കഴിഞ്ഞ 22 വര്‍ഷമായി ന്യൂ ജേഴ്സിയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി അമേരിക്കന്‍ ഐ ടി മേഖലയില്‍ തന്റെ പ്രാഗല്‍ഭ്യം തളിയിച്ച ജയന്‍ മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി ന്യൂ ജേര്‍സിയിലാണ്. തന്റെ സാങ്കേതിക പരിജ്ഞാ നത്തിനുമപ്പുറം തികഞ്ഞ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ് ജയന്‍.
കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാഞ്ച്)യുടെ പ്രസിഡന്റ് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള ജയന്‍ 1990കളില്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാത്ത് അമേരിക്കയിലേക്ക് കുടിയേറിയതാണ്. മൂന്ന് വര്‍ഷങ്ങളായി 24USA ന്യൂസ് ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജയന്‍ നൂറിലധികം സ്റ്റോറികള്‍ 24USA ക്കായി ചെയ്തുകഴിഞ്ഞു.
വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട അനില്‍ മറ്റത്തിക്കുന്നേല്‍ 2019 മുതല്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗമാണ്. 2006 ല്‍ ചിക്കാഗോയിലെത്തിയ കോട്ടയം കല്ലറ സ്വദേശിയായ അനില്‍ 2008 ല്‍ ക്‌നാനായ വോയിസ്, കേരളവോയിസ് എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ തുടക്കത്തിനും വളര്‍ച്ചക്കും സുപ്രധാന പങ്കു വഹിച്ചു.
2009 ല്‍ ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങ്ങിന് തുടക്കം കുറിച്ചുകൊണ്ട് മലയാളികളുടെ സാമൂഹിക പരിപാടികളുടെ ലൈവ് സ്ട്രീമിങ്ങ് സേവനങ്ങളുടെ മുന്‍ഗാമിയായി മാറി. 2010 മുതല്‍ കെവി ടിവി എന്ന ഐപി ടിവി ചാനലിന്റെ തുടക്കത്തിനും സുപ്രധാന പങ്കു വഹിച്ചു. കൈരളി ടിവിയിലൂടെ മുഖ്യധാര മീഡിയാ പ്രവര്‍ത്തനം ആരംഭിക്കുകയും 2018 മുതല്‍ ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. Broadcast Media, Digital Media & Print Media എന്നിങ്ങിനെ മാധ്യമ പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളിലും തന്റെ കഴിവും പ്രഗല്‍ഭ്യവും തെളിയിച്ചിട്ടുണ്ട്.
ഇരുപതില്‍ പരം വര്ഷങ്ങളായി കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയി സുപരിചിതനായ അദ്ദേഹം, ഈ അടുത്തകാലത്ത് ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ ഗാനരചയിതാവായും സംഗീത സംവിധായകനായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേഴ്സിങ്ങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അനില്‍, യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റലില്‍ സൈക്കിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നേഴ്‌സ് എഡ്യൂക്കേറ്റര്‍ ആയി ജോലി ചെയ്യുന്നു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ അകത്തോലിക്കാ ഇടവകയുടെ പി.ആര്‍.ഓ, ചിക്കാഗോ കെസിഎസ് ബോര്‍ഡ് മെമ്പര്‍, ചിക്കാഗോ മലയാളീ അസോസിയേഷന്‍ ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ. സിമി ജെസ്റ്റോ ഏഷ്യാനെറ്റ് , ഫ്ളവേഴ്സ് ചാനലുകളിലെ ചിക്കാഗോയില്‍ നിന്നുള്ള അവതാരകയായി മാധ്യമ രംഗത്ത് ചുവടുറപ്പിച്ചയാളാണ്. കൈരളി ടിവിയിലെ ഓര്‍മ്മസ്പര്‍ശം എന്ന സംഗീത പരിപാടിയുടെ പ്രധാന ആങ്കറായി ശ്രദ്ധിക്കപ്പെട്ടതിന് ശേഷം ഏഷ്യാനെറ്റില്‍ യുഎസ് വീക്കിലി റൗണ്ടപ്പിന്റെ പ്രധാന അവതാരകയായി അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹെല്‍ത്ത് സിസ്റ്റത്തില്‍ നേഴ്‌സിങ് ഇന്നോവേഷന്‍ ആന്‍ഡ് റിസേര്‍ച് സെന്റെറിന്റെ സീനിയര്‍ സിസ്റ്റം ഡിറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ സിമി ജെസ്റ്റോ മൂന്ന് ഫെല്ലോഷിപ്പുകളും രണ്ടു ഡോക്ട്രേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
അമേരിക്കയിലെ ആരോഗ്യ രംഗത്തെ നേതൃത്വ പാടവത്തിന് ലഭിക്കുന്ന ഏറ്റവും പ്രാധാന്യമേറിയ അമേരിക്കന്‍ കോളേജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സി ക്യൂട്ടീവ്‌സിന്റെ ഫെല്ലോഷിപ്പ് ഡോ. സിമി ജെസ്റ്റോയുടെ ഏറെ ശ്രദ്ധ്യമായ നേട്ടമാണ് ഇത് കൂടാതെ the National Academies of Practice (NAP), the American Aossciation of Nurse Practitioners (FAANP) എന്നിവയുടെ ഫെല്ലോഷിപ്പുകള്‍ സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. നഴ്സിങ് രംഗത്തെ കഴിവിനും നേതൃപാടവത്തിനും നിരവധി പുരസ്‌കാരങ്ങള്‍ സിമി ജെസ്റ്റോ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ പ്രസിഡന്റായി സേവനം ചെയ്യുന്നു.
കവിത മേനോന്‍ കനേഡിയന്‍ നിയമത്തിലും സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദമുള്ള, സാമൂഹിക പ്രവര്‍ത്തന മേഖലയില്‍ 9 വര്‍ഷത്തിലേറെ പരിചയമുള്ള വ്യക്തിത്വമാണ്. രജിസ്റ്റേര്‍ഡ് സോഷ്യല്‍ വര്‍ക്കറായും, കപ്പിള്‍ കൗണ്‍സിലിംഗില്‍ വൈദഗ്ദ്ധ്യം നേടിയ സൈക്കോതെറാപ്പിസ്റ്റായും, ലൈസന്‍സുള്ള സാമ്പത്തിക ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുന്ന ഒരു ഡൈനാമിക് പ്രൊഫഷണലാണ് കവിത കെ മേനോന്‍.
റേഡിയോ മാംഗോ, ഏഷ്യാനെറ്റ് ടിവി യുഎസ്എ, ജനംടിവി യു എസ എ എന്നിവയില്‍ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ്, പബ്ലിക് റിലേഷന്‍സ് എന്നിവയുള്‍പ്പെടെ ക്രോസ്-മീഡിയയില്‍ 15 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചിട്ടുള്ള കവിത ഒരു മികച്ച വോയ്സ് ആര്‍ട്ടിസ്റ്റ്, നാടക പ്രേമി,എന്നിവക്കു പുറമെ പരിചയസമ്പന്നയായ എംസി കൂടിയാണ്. 2005 മുതല്‍ കോര്‍പ്പറേറ്റ്, വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്നു.
കനേഡിയന്‍ ഹിന്ദു ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡിജിറ്റല്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ (ഡിപിസിഐ) വൈസ് പ്രസിഡന്റുമാണ്. ഇത് സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലുടനീളം കവിതയുടെ മികവ് തെളിയിക്കുന്നു.
India Press Club of North America: Raju Pallath President Anil Aranmula Secretary Jayan Joseph Treasurer













