ഇന്ത്യ ആവശ്യപ്പെട്ട 28 അപ്പാച്ചെ ഹെലികോപ്റ്ററുകളും ലഭിച്ചു കഴിഞ്ഞുവെന്നും ഇക്കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം തെറ്റാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ 68 അപ്പാച്ചെകൾ ആവശ്യപ്പെട്ടതായും വിതരണം വൈകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കണ്ഠ അറിയിച്ചതായും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ ആകെ 28 എണ്ണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും 2025 ഡിസംബറോടെ ഇവയുടെ വിതരണം സമയബന്ധിതമായി പൂർത്തിയായതായും മന്ത്രാലയം വസ്തുതാപരിശോധനയ്ക്ക് ശേഷം അറിയിച്ചു.
അത്യാധുനികമായ AH-64E അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് കനത്ത വിലയായതിനാലാണ് കൂടുതൽ എണ്ണം വാങ്ങാനുള്ള ആദ്യകാല പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോയത്. മിസൈലുകളും മറ്റ് യുദ്ധോപകരണങ്ങളും ഉൾപ്പെടെ ഒരു അപ്പാച്ചെയ്ക്ക് ഏകദേശം 1,350 കോടി രൂപ ചിലവ് വരും. ഇത്രയും വലിയ തുകയ്ക്ക് പകരം 400 കോടി രൂപ മാത്രം ചിലവ് വരുന്ന തദ്ദേശീയമായി നിർമ്മിച്ച എച്ച്എഎല്ലിന്റെ ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകളെ പ്രോത്സാഹിപ്പിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയ്ക്കും കരസേനയ്ക്കുമായി ഉദ്ദേശിച്ച ഹെലികോപ്റ്ററുകളുടെ എണ്ണം 28 ആയി ചുരുക്കിയത്.
ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ ഹെലികോപ്റ്ററുകളിലൊന്നായ അപ്പാച്ചെ, സോവിയറ്റ് ടാങ്കുകളെ പ്രതിരോധിക്കാനായി അമേരിക്ക വികസിപ്പിച്ചെടുത്തതാണ്. ഏത് കാലാവസ്ഥയിലും ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുള്ള ഹെൽഫയർ മിസൈലുകൾ, ഹൈഡ്ര റോക്കറ്റുകൾ, പീരങ്കി ഷെല്ലുകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്. വിയറ്റ്നാം യുദ്ധകാലത്തെ അനുഭവങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ ഈ ആധുനിക യുദ്ധവിമാനങ്ങൾ ഇപ്പോൾ ഇന്ത്യൻ അതിർത്തികളിൽ സൈന്യത്തിന് വലിയ കരുത്തായി മാറിക്കഴിഞ്ഞു.












