ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പിടാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഫോണിൽ വിളിക്കാത്തത് കൊണ്ടാണെന്ന യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പ്രസ്താവന ഇന്ത്യ തള്ളി. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും 2025-ൽ മാത്രം മോദിയും ട്രംപും എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രി വിളിക്കാത്തത് കൊണ്ടാണ് കരാർ വൈകുന്നതെന്നുമുള്ള വിലയിരുത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഉഭയകക്ഷി വ്യാപാര കരാറിനായി ഇന്ത്യ സജീവമായി ശ്രമിക്കുന്നുണ്ടെന്നും ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്നും അത് വേഗത്തിൽ യാഥാർത്ഥ്യമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു. ട്രംപ് ഭരണകൂടം ഉന്നയിക്കുന്ന താരിഫ് വർദ്ധനവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമങ്ങൾ നയതന്ത്ര തലത്തിൽ പുരോഗമിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ ഇതിനായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
റഷ്യൻ ഉപരോധവുമായി ബന്ധപ്പെട്ട് 500 ശതമാനം വരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന അമേരിക്കയുടെ പുതിയ ബില്ലിനെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇതിനായി ആഗോള വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് കുറഞ്ഞ നിരക്കിൽ വിവിധ സ്രോതസുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഊർജ്ജ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഇത്തരം തീരുമാനങ്ങൾ രാജ്യതാത്പര്യം സംരക്ഷിക്കുന്നതിനായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.












