എണ്ണക്കടത്ത് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത യുഎഇ കമ്പനിയുടെ കപ്പലിലെ 16 ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം അടിയന്തര ഇടപെടൽ നടത്തി. ഇറാനിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ കലുഷിതമായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. കഴിഞ്ഞ ഡിസംബർ 8-ന് അന്താരാഷ്ട്ര അതിർത്തിയിലെ ദിബ്ബ പോർട്ടിൽ വെച്ചാണ് ‘എംടി വാലിയന്റ് റോർ’ എന്ന കപ്പൽ 6000 മെട്രിക് ടൺ എണ്ണ കടത്തിയെന്നാരോപിച്ച് ഇറാൻ സേന കസ്റ്റഡിയിലെടുത്തത്. ബന്ദികളാക്കപ്പെട്ട ജീവനക്കാരിൽ ഒരാളായ കേതൽ മേത്തയുടെ കുടുംബം പ്രധാനമന്ത്രിക്ക് നേരിട്ട് കത്ത് നൽകിയതോടെയാണ് വിഷയം വീണ്ടും ഗൗരവമായത്.
കപ്പലിലുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ബന്ദികളാക്കപ്പെട്ട ജീവനക്കാരുമായി സംസാരിക്കാൻ ഉടൻ അവസരമൊരുക്കണമെന്നും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി അവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. കപ്പൽ യുഎഇ കമ്പനിയുടേതായതിനാൽ യുഎഇ അധികൃതർ വഴിയുള്ള നയതന്ത്ര ഇടപെടലുകളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജീവനക്കാരുടെ സുരക്ഷയിൽ കടുത്ത ആശങ്കയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഡിസംബർ 14-ന് ഇന്ത്യ വിവരങ്ങൾ തേടി ഇറാനെ സമീപിച്ചിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ഇന്ത്യയുടെ പുതിയ ആവശ്യത്തോടും ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നയതന്ത്ര നീക്കങ്ങളിലൂടെ ജീവനക്കാരെ മോചിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമം.













