റെയിൽവേ യാത്രക്കാർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ വിശദാംശങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി – കൊൽക്കത്ത റൂട്ടിലാകും ആദ്യ ട്രെയിൻ സർവീസ് നടത്തുക. ദീർഘദൂര യാത്രക്കാർക്കും രാത്രിയാത്രകൾക്കും മുൻഗണന നൽകിക്കൊണ്ട് രൂപകൽപ്പന ചെയ്ത ഈ ട്രെയിൻ വരുന്ന 15-20 ദിവസങ്ങൾക്കുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആകെ 16 കോച്ചുകളുള്ള ട്രെയിനിൽ 823 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ഇതിൽ 11 ത്രീ-ടയർ എസി കോച്ചുകൾ, 4 ടൂ-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവയുണ്ടാകും. ഭക്ഷണം ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്കുകളും റെയിൽവേ പുറത്തുവിട്ടു. ത്രീ-ടയർ എസിയിൽ ഏകദേശം 2,300 രൂപയും, ടൂ-ടയർ എസിയിൽ 3,000 രൂപയുമാണ് നിരക്ക്. ഫസ്റ്റ് ക്ലാസ് എസി യാത്രയ്ക്ക് ഏകദേശം 3,600 രൂപയാകും. വിമാന ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
സുരക്ഷയ്ക്കും ആധുനിക സൗകര്യങ്ങൾക്കും വലിയ പ്രാധാന്യമാണ് ട്രെയിനിൽ നൽകിയിരിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനിൽ, ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന ‘കവച്’ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച കുഷ്യൻ ബെർത്തുകൾ, ശബ്ദമലിനീകരണം കുറയ്ക്കാനുള്ള അത്യാധുനിക സസ്പെൻഷൻ സംവിധാനം, അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ‘ടോക്ക് ബാക്ക്’ സൗകര്യം, അണുനശീകരണ സംവിധാനങ്ങൾ എന്നിവ വന്ദേ ഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകളാണ്. വരും വർഷങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് ഈ സർവീസ് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.











