ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർക്ക് നേരെ കടുത്ത നടപടികൾക്കൊരുങ്ങി ഇറാൻ. പ്രതിഷേധത്തിൽ പങ്കെടുത്തവർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ ദേശീയ പോലീസ് മേധാവി അഹ്‌മദ്-റേസ റാദൻ അന്ത്യശാസനം നൽകി. കീഴടങ്ങാൻ തയ്യാറാകാത്തവർ വധശിക്ഷയുൾപ്പെടെയുള്ള കഠിനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.
പ്രതിഷേധത്തിൽ പങ്കെടുത്തവരെയെല്ലാം കുറ്റക്കാരായി കാണാൻ ഭരണകൂടം തയ്യാറല്ലെന്ന സന്ദേശവും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടും പ്രകോപനങ്ങളിൽ പെട്ടുമാണ് പലരും പ്രക്ഷോഭത്തിന്റെ ഭാഗമായതെന്നാണ് സർക്കാരിന്റെ നിഗമനം. നിശ്ചിത സമയപരിധിക്കുള്ളിൽ കീഴടങ്ങുന്നവരോട് ദയ കാണിക്കുമെന്നും അവരുടെ ശിക്ഷാ നടപടികളിൽ ഇളവ് നൽകുന്നത് പരിഗണിക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി. അതേസമയം, രാജ്യത്തിന്റെ നട്ടെല്ല് ഒടിക്കാൻ ശ്രമിക്കുന്ന ‘രാജ്യദ്രോഹികൾക്ക്’ മാപ്പില്ലെന്ന നിലപാടിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.
അടുത്തിടെ ഇറാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ അയ്യായിരത്തിലധികം പേർ കൊല്ലപ്പെട്ടതായും പതിനായിരക്കണക്കിന് ആളുകൾ അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ പലയിടത്തും വിച്ഛേദിച്ചതിനാൽ വിവരങ്ങൾ പുറംലോകമറിയാൻ വൈകുന്നുണ്ടെങ്കിലും രാജ്യം വലിയൊരു ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പ്രതിഷേധക്കാരെ പിന്തുണച്ച് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയതിനെ ഇറാൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ അന്ത്യശാസനം ഇറാനിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.













