ടെഹ്റാൻ: ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്തൽ നടത്തിയാൽ അമേരിക്ക ഇടപെടുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയോട് പരിഹസിച്ചുകൊണ്ട് ഇറാൻ പ്രതികരിച്ചു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ പ്രധാന ഉപദേശകനായ അലി ഷംഖാനിയാണ് ട്രംപിനെതിരെ രംഗത്തെത്തിയത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഗാസയിലും അമേരിക്ക നടത്തിയ ‘രക്ഷാപ്രവർത്തനങ്ങളുടെ’ ഫലം ഇറാനിലെ ജനങ്ങൾക്ക് നല്ലവണ്ണം അറിയാമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ട്രംപിന്റെ ഭീഷണികൾ വെറും അബദ്ധസാഹസങ്ങൾ മാത്രമാണെന്നും തങ്ങളുടെ സൈനികരുടെ സുരക്ഷയിൽ ശ്രദ്ധിക്കുന്നതാണ് അമേരിക്കയ്ക്ക് ഉചിതമെന്നും ഷംഖാനി തിരിച്ചടിച്ചു.
അഫ്ഗാനിസ്ഥാനിൽ രണ്ട് ദശാബ്ദക്കാലം സൈന്യത്തെ നിലനിർത്തിയശേഷം 2021-ൽ പെട്ടെന്ന് പിൻവാങ്ങേണ്ടിവന്ന അമേരിക്കൻ സാഹചര്യത്തെ ഷംഖാനി ചൂണ്ടിക്കാട്ടി. താലിബാന് ലക്ഷക്കണക്കിന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഉപേക്ഷിച്ചുകൊണ്ടാണ് അന്ന് അമേരിക്ക മടങ്ങിയതെന്ന് അദ്ദേഹം പരിഹസിച്ചു. അതുപോലെ ഇറാഖിൽനിന്നുള്ള പിൻവാങ്ങൽ ഐസിസിന്റെ ഉയർച്ചയ്ക്കും വർഷങ്ങളോളം നീണ്ട രക്തച്ചൊരിച്ചിലിനും വഴിവെച്ച കാര്യവും അദ്ദേഹം ആവർത്തിച്ചു. ഇത്തരം പരാജയങ്ങളുടെ ചരിത്രം മുന്നിലുള്ളപ്പോൾ ഇറാന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നാണ് ഇറാൻ ഉയർത്തുന്ന നിലപാട്.
രാജ്യത്തിന്റെ സുരക്ഷ അവരുടെ റെഡ് ലൈനാണെന്നും അതിൽ കളിക്കാൻ അനുവദിക്കില്ലെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ ഷംഖാനി മുന്നറിയിപ്പ് നൽകി. ഇറാന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു വിദേശ ഇടപെടലും സംഭവിക്കുന്നതിനുമുമ്പ് തന്നെ തകർത്തുകളയുമെന്നും അത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ഉയർത്തുന്ന രീതിയിലുള്ള പ്രസ്താവനകളുമായി ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത് ലോകവ്യാപകമായി വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.













