ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, രാജ്യത്തെ പ്രധാന നഗര കേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ റിസാ പഹ്‌ലവി ആഹ്വാനം ചെയ്തു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിലൂടെ പുറത്താക്കപ്പെട്ട ഷാ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനാണ് ഇദ്ദേഹം. കേവലം തെരുവിലിറങ്ങി പ്രതിഷേധിച്ചതുകൊണ്ട് മാത്രമായില്ലെന്നും നഗരങ്ങളുടെ നിയന്ത്രണം പ്രക്ഷോഭകാരികൾ ഏറ്റെടുക്കണമെന്നും യുഎസിൽ കഴിയുന്ന റിസാ പഹ്‌ലവി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
താൻ ഉടൻ തന്നെ ഇറാനിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഊർജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ജീവനക്കാർ പണിമുടക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിൽ ഇറാനിൽ നടക്കുന്ന സംഘർഷങ്ങളിൽ 62-ഓളം പേർ കൊല്ലപ്പെട്ടതായും രണ്ടായിരത്തിലധികം പേരെ ഭരണകൂടം തടവിലാക്കിയതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയും വിദേശ കോളുകൾ തടഞ്ഞും പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് സർക്കാർ നീക്കം.
അതേസമയം, ഇറാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ യുഎസ് മേഖലയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ചു. പ്രക്ഷോഭകരെ കൊന്നൊടുക്കിയാൽ അമേരിക്ക ശക്തമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധവും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ജനങ്ങളാണ് ഇറാനിൽ വലിയ രീതിയിലുള്ള പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ഇറാൻ ഭരണകൂടം ഇതിനെ കർശനമായി പ്രതിരോധിക്കുമെന്ന് പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയും പ്രഖ്യാപിച്ചിട്ടുണ്ട്.











