ഇത്തവണയും കുറ്റ്യാടി മണ്ഡലം നോട്ടമിട്ട് ജോസ് കെ മാണി, തലവേദനയാകുമോ സിപിഎമ്മിന്?

ഇത്തവണയും കുറ്റ്യാടി മണ്ഡലം നോട്ടമിട്ട് ജോസ് കെ മാണി, തലവേദനയാകുമോ സിപിഎമ്മിന്?

കോഴിക്കോട്: യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തെ 13 സീറ്റെന്ന വമ്പൻ സമ്മാനം നൽകിയായിരുന്നു കഴിഞ്ഞ തവണ എൽഡിഎഫ് മുന്നണിയിലേക്ക് സ്വീകരിച്ചത്. പതിമൂന്നിൽ ഒന്ന് കുറ്റ്യാടി മണ്ഡലമായിരുന്നു. പക്ഷേ സിപിഎമ്മിന് വലിയ വേരോട്ടമുള്ള മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകിയതോടെ നേതൃത്വത്തിനെതിരേ തെരുവിൽ പ്രതിഷേധവുമായി പ്രവർത്തകർ ഇറങ്ങി.

ഇത് നേതൃത്വത്തെ ഞെട്ടിച്ചു. ഒടുവിൽ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി സിപിഎം സ്ഥാനാർഥി തന്നെ മത്സരിക്കുകയും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുകയും ചെയ്തു. എന്നാൽ, ഇക്കുറി സീറ്റ് ഞങ്ങൾക്ക് തന്നെ വേണമെന്ന് നിർബന്ധം പിടിച്ചിരിക്കുകയാണ് ജോസ് കെ മാണി.

കഴിഞ്ഞ തവണത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഒരു തവണത്തേക്ക് മാത്രം വിട്ടുനൽകിയാൽ മതിയെന്നാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതെന്നും അപ്രകാരമാണ് കുറ്റ്യാടി വിട്ടുനൽകിയതെന്നും ഇത്തവണ കുറ്റ്യാടി സീറ്റ് വേണമെന്നുമാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് മണ്ഡലത്തിൽ ചർച്ചയായിട്ടുമുണ്ട്.

കുറ്റ്യാടി സീറ്റിന്റെ കാര്യത്തിൽ ജോസ് വിഭാഗം നിർബന്ധം പിടിക്കുകയും അതിന് വഴങ്ങുകയും ചെയ്താൽ മണ്ഡലത്തിൽ സിപിഎമ്മിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ട്. മാത്രമല്ല പ്രവർത്തകരിൽ നിന്ന് വീണ്ടും പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത് കണക്കിലെടുത്ത് കുറ്റ്യാടിക്ക് പകരം മേഖലയിലെ മറ്റേതെങ്കിലും സീറ്റ് നൽകി സമവായത്തിലെത്തേണ്ടി വരും. അങ്ങനെ വന്നാൽ കുറ്റ്യാടിക്ക് പകരം പേരാമ്പ്ര മണ്ഡലമാവും കേരള കോൺഗ്രസ് എം ചോദിക്കുക.

Share Email
Top