കണ്ണൂർ: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ, കണ്ണൂരിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് k സുധാകരൻ. പാർട്ടി ചോദിച്ചാൽ താൽപ്പര്യം അറിയിക്കും” എന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടന്ന പാർട്ടി യോഗങ്ങൾക്ക് പിന്നാലെയായിരുന്നു സുധാകരന്റെ ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടികൾ പരിഹരിച്ച് യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ ശക്തരായ നേതാക്കൾ നിയമസഭയിൽ ഉണ്ടാകണമെന്നത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഏത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന കാര്യം ഹൈക്കമാൻഡും പാർട്ടി നേതൃത്വവും തീരുമാനിക്കുമെങ്കിലും, മത്സരിക്കാനില്ലെന്ന മുൻനിലപാടിൽ നിന്ന് അദ്ദേഹം മാറിയത് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
കെ. സുധാകരന്റെ ഈ നീക്കം സംസ്ഥാന കോൺഗ്രസിലെ അധികാര സമവാക്യങ്ങളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾക്ക് ഇത് ആക്കം കൂട്ടിയേക്കാം. വരും ദിവസങ്ങളിൽ കെ. മുരളീധരൻ ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങൾ ഇക്കാര്യത്തിൽ നിർണ്ണായകമാകും. എന്തായാലും സുധാകരന്റെ കടന്നുവരവ് അണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.













