ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ കേസിലെ പതിമൂന്നാം പ്രതിയായ അദ്ദേഹത്തെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുന്നത്.
ശ്രീകോവിലിന്റെ സ്വർണക്കട്ടിളപ്പാളി താന്ത്രിക വിധികൾ പാലിക്കാതെ കടത്താൻ മൗനാനുവാദം നൽകിയെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് തന്ത്രിക്കെതിരെയുള്ള പ്രധാന ആരോപണം. ദേവന്റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികൾ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ആചാരലംഘനത്തിന് തന്ത്രി ഒത്താശ ചെയ്തുകൊടുത്തുവെന്ന് സൂചിപ്പിക്കുന്ന ഗുരുതരമായ കണ്ടെത്തലുകളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് തന്ത്രി കോടതിയെ അറിയിച്ചതിനെത്തുടർന്ന് ജയിലിൽ ആവശ്യമായ വൈദ്യസഹായം നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ താൻ നിരപരാധിയാണെന്നും എല്ലാം അയ്യപ്പന് അറിയാമെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങവേ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കും.













