മന്ത്രി കെ.ബി. ഗണേഷ് കുമാർ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് രംഗത്തെത്തി. ഉമ്മൻചാണ്ടിയുടെ സ്മരണകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഗണേഷ് കുമാർ നടത്തിയത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ ചേക്കേറിയ ശേഷം പഴയ നിലപാടുകൾ മറന്ന് ഗണേഷ് കുമാർ തരംതാഴ്ന്ന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഉമ്മൻ ചാണ്ടി ആരുടെയും കുടുംബം തകർത്തിട്ടില്ലെന്നും ഗണേഷിന്റെ കുടുംബം തകർന്നതിന് കാരണക്കാരൻ ഉമ്മൻ ചാണ്ടിയെന്ന ആരോപണം പിൻവലിക്കണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
സോളാർ കേസ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ ഉമ്മൻചാണ്ടിയെ വേട്ടയാടാൻ ഗണേഷ് കുമാർ കൂട്ടുനിന്നുവെന്ന ആരോപണം കെ.സി. ജോസഫ് ആവർത്തിച്ചു. അധികാരത്തിന് വേണ്ടി ആരെയും ചതിക്കാൻ മടിക്കാത്ത സ്വഭാവമാണ് ഗണേഷ് കുമാറിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചാണ് ഗണേഷ് കുമാർ സംസാരിക്കുന്നതെന്നും ഇതിന് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയെപ്പോലെ വലിയൊരു ജനനായകനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ചുപറയുന്നത് മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾക്ക് ചേർന്നതല്ലെന്നും കെ.സി. ജോസഫ് വ്യക്തമാക്കി. ഗണേഷ് കുമാറിന്റെ നിലപാടുകൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് ഈ വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഈ പരാമർശങ്ങൾ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.













