വയനാട് ജില്ലയിൽ മേപ്പാടി–ചൂരൽമല മേഖലകളിലുണ്ടായ ഗുരുതര ഉരുള്‍പൊട്ടലിൽ ദുരിതബാധിതരായവരുടെ വായ്പാ കുടിശ്ശികകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. 555 ഗുണഭോക്താക്കൾക്കായി 1620 വായ്പകളിലായി 18,75,69,037.90 രൂപയാണ് നിലവിൽ കുടിശ്ശികയായി നിലനിൽക്കുന്നത്. ഈ ബാധ്യത മുഴുവനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ഈ വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കണ്ണില്‍ ചോരയിലാത്തതായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ കുറ്റപ്പെടുത്തി. കേരള ഹൈക്കോടതി തന്നെ കടുത്ത വിമർശനം കേന്ദ്ര സര്‍ക്കാരിന് നേരെ ഉയർത്തിയിട്ടുണ്ട്. ഈ ദുരന്തത്തെ ‘Severe Disaster’ ആയി കേന്ദ്രം തന്നെ പ്രഖ്യാപിച്ചിട്ടും വായ്പ എഴുതി തള്ളാന്‍ തയ്യാറാകാത്തത് ഭരണഘടനാപരമായ ഉത്തരവാദിത്വ ലംഘനമാണ് എന്നാണ് കോടതി തന്നെ ചൂണ്ടി കാട്ടിയത്. ദുരന്തത്തിൽ ഭൂമിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട ജനങ്ങളോട് വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെടുന്നത് മനുഷ്യത്വപരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനോട് Disaster Management Act-ലെ വ്യവസ്ഥ അനുസരിച്ച് വായ്പ എഴുതി തള്ളാന്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും ആ സെക്ഷന്‍ തന്നെ എടുത്തു കളയുന്ന ക്രൂരമായ നടപടിയാണ് സ്വീകരിച്ചത്. ഹൈക്കോടതിയില്‍ സംസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നുവെങ്കിലും കേന്ദ്രം ഭരണ ഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പരാമര്‍ശിച്ചിരുന്നു. ആ പ്രതീക്ഷ മൂലമാണ് ഈ തീരുമാനം വൈകാന്‍ കാരണമിടയാക്കിയതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല വായ്പ എടുത്തതിനാല്‍ ഇവരുടെ സിബില്‍ സ്കോറിനെ ബാധിക്കാന്‍ പാടില്ലായെന്ന കാഴ്ചപാടും സര്‍ക്കാരിനുണ്ടായിരുന്നു. കേന്ദ്രം പ്രതികൂല നടപടി എടുത്തതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ച് വായ്പ ബാധ്യത സംസ്ഥാന സർക്കാർ തന്നെ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയാണ്.
പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ, വ്യാപാര സ്ഥാപനങ്ങളും കടകളുമുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായാണ് വായ്പകൾ നിലനിൽക്കുന്നത്.
സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. നിലവിൽ 2024 ജൂലൈ 30 മുതൽ വായ്പകളിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നിലനിൽക്കുന്നുണ്ട്. ആ കാലം മുതലുള്ള പലിശ ഒഴിവാക്കുവാനും ദുരന്ത ബാധിതരുടെ സിബില്‍ സ്കോറില്‍ കുറവ് വരുത്താന്‍ പാടില്ല എന്നുള്ള കാര്യവും സര്‍ക്കാര്‍ അവരോട് ആവശ്യപ്പെടും. ദുരന്ത ബാധിതരായ മനുഷ്യരെ ചേര്‍ത്തു പിടിക്കുമെന്ന സര്‍ക്കാര്‍ നയമാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. സെക്ഷന്‍ 13 എടുത്ത് കളഞ്ഞതു ദുരന്ത ബാധിതരോടുള്ള ഏറ്റവും ഹീനമായ നടപടിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അതിന് മറുപടി പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തെ മാത്രമല്ല ഈ തീരുമാനം ബാധിക്കുന്നത്. ദുരന്തം സംഭവിക്കുന്ന എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രത്തിന്‍റെ ഈ തീരുമാനം ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
1️⃣ പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ
• 446 കുടുംബങ്ങൾ
• (പുനരധിവാസ ഘട്ടങ്ങൾ 1, 2A, 2B ഉൾപ്പെടെ)
➡️ വീടും / സ്ഥലവും പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ട കുടുംബങ്ങൾ ഇതിലടങ്ങും
2️⃣ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ
• 12 കുടുംബങ്ങൾ
• (മറ്റ് ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെടാത്തവർ)
3️⃣ ചെറുകിട വ്യാപാരികൾ, കട ഉടമകൾ
(വാണിജ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട്)
• കട വാടകയ്ക്ക് എടുത്ത് വ്യാപാരം നടത്തിയവർ – 20 പേർ
• സ്വന്തം കെട്ടിടത്തിൽ വ്യാപാരം നടത്തിയവർ – 14 പേർ
• വാണിജ്യ കെട്ടിട ഉടമകൾ (വ്യാപാരികൾ അല്ലാത്തവർ) – 2 പേർ
➡️ ആകെ: 36 വ്യാപാര / കട സംബന്ധമായ ഗുണഭോക്താക്കൾ
4️⃣ ജോലി, ഉപജീവനം നഷ്ടപ്പെട്ട തൊഴിലാളികൾ
• 61 പേർ
• (കടകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്തിരുന്നവർ
– മറ്റ് ഗുണഭോക്തൃ പട്ടികകളിൽ ഉൾപ്പെടാത്തവർ)













