ദാര്‍ശനിക ചര്‍ച്ചകളെ എക്കാലത്തും സ്വാഗതം ചെയ്ത് കേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍

ദാര്‍ശനിക ചര്‍ച്ചകളെ എക്കാലത്തും സ്വാഗതം ചെയ്ത് കേരള റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍

ചെറിയാന്‍ മഠത്തിലേത്ത്
(കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്)

ഹൂസ്റ്റണ്‍: ആവേശോജ്വലമായ ഫെസ്റ്റിവല്‍ സീസണ്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ സോഷ്യല്‍ ചര്‍ച്ചകള്‍ ഫുട്‌ബോള്‍ പ്ലേഓഫുകളെക്കുറിച്ചാണ്. മനോഹരമായ ഫുട്‌ബോള്‍ ചിന്തകള്‍ക്ക് പുറമെ മറ്റ് കോലാഹലങ്ങളും നടക്കുന്നുണ്ട്. കാല്‍പ്പന്ത് കളി ഭ്രാന്തരാണെങ്കിലും, ആരാധകര്‍ അവരുടെ ടീമുകളുടെ ജയവും പരാജയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ അംഗീകരിക്കുന്നു. പിന്നെ എല്ലാം മറന്ന് അടുത്ത ഗെയിമിലേക്ക് കടന്ന് ആസ്വദിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ നമ്മള്‍ കേരളത്തിലെ മലയാളി സമൂഹത്തിന്റെയും വിദേശത്തുള്ള അവരുടെ പഴയ തലമുറയുടെയും ശീലങ്ങളെ താരതമ്യം ചെയ്യുകയാണ്. അവരുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ എന്തൊക്കെയാണെന്ന് നോക്കേണ്ടതുണ്ട്.

ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ടതും യുവ രാഷ്ട്രീയ നേതാവിന്റെ ബലാത്സംഗ കേസുകളും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വാവിട്ട വര്‍ത്തമാനങ്ങളുമാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് ചാനലുകളും പത്രങ്ങളുമൊക്കെ നിത്യവും വിഷയമാക്കുന്നത്. നമ്മുടെ ബൗദ്ധിക സമൂഹം പോലും ഈ വിഷയങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കുന്നു. അത് നമ്മളും ആസ്വദിക്കുന്നു.വല്ലാത്തൊരു സാമൂഹിക സാഹചര്യമാണ് നാട്ടിലേത്. നമ്മള്‍ ആ മാനസികാവസ്ഥയില്‍ തന്നെ തളയ്ക്കപ്പെട്ടിരിക്കുന്നു. ഒരു പക്ഷേ, നാട്ടിലുള്ളവരേക്കാള്‍ കൗതുകത്തോടെ നമ്മള്‍ അമേരിക്കന്‍ മലയാളികളും ഇതൊക്കെ സാകൂതം വീക്ഷിക്കുന്നു.

നമ്മുടെ അജണ്ട ഇതല്ലെങ്കിലും പറയാതെ വയ്യല്ലോ. പതിവുപോലെ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം അംഗങ്ങള്‍ സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റില്‍ പ്രതിമാസ യോഗം ചേര്‍ന്നു. കഴിഞ്ഞ 36 വര്‍ഷമായി കേരള റൈറ്റേഴ്‌സ് ഫോറം നാട്ടിലെ രാഷ്ട്രീയത്തിലും മതത്തിലുമൊക്കെ ഊന്നി സംസാരിക്കുന്നു. എന്നിരുന്നാലും ദാര്‍ശനികമായ ചര്‍ച്ചകളെ നാം എക്കാലത്തും സ്വാഗതം ചെയ്തിട്ടുണ്ട്.

ഇക്കുറി മൂന്ന് വിഷയങ്ങളാണ് ചര്‍ച്ചയ്‌ക്കെടുത്തത്. ആധുനികതയും അതിന്റെ അനന്തരഫലങ്ങളും കലയെയും സാഹിത്യത്തെയും എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു ഉപന്യാസം ജോണ്‍ മാത്യു അവതരിപ്പിച്ചു. ഉഷാ രാജേന്ദ്രന്റെ ‘പിതാവിന്റെ സ്‌നേഹം’ എന്ന കവിതയും റോയി തോമസിന്റെ ‘ആഗോള താപന’വും ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തില്‍ തുടങ്ങി മത, ശാസ്ത്ര, സാമൂഹിക തലങ്ങളിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ഫലമായി ചിത്രകലയിലെ തുടര്‍ന്നു വന്ന ആധുനികതയും ചര്‍ച്ചയ്ക്ക് വിധേയമായി. എക്‌സ്പ്രഷനിസവും ക്യൂബിസവും സര്‍റീയലിസവും ചുരുക്കമായി പ്രതിപാദിച്ചു. സാഹിത്യത്തിലെ ആധുനികതയുടെ ലക്ഷണം പറഞ്ഞതിനോടനുബന്ധിച്ച് ലേഖകന്‍ ചോദിച്ചു വിധിയിലും ദൈവത്തിലും അഗാധമായി വിശ്വസിക്കുന്ന, കേവലം അടിസ്ഥാനപരമായ ഒരു തൊഴിലിനു വേണ്ടി മാത്രം ആഗ്രഹിച്ചിരുന്ന സമൂഹത്തില്‍ എങ്ങനെയാണ് ആധുനികത? നമ്മുടെ ആധുനികത ഒരു ശൈലി അനുകരണം മാത്രമല്ലായിരുന്നോ?

ഉഷ രാജേന്ദ്രന്റെ കവിതയില്‍ നിന്ന്…

”കെട്ടി പിടിച്ചാര്‍ക്കും വിട്ടുകൊടുക്കാതെ
അച്ഛന്‍ കരത്തെ മുറുകെ പിടിച്ചു ഞാന്‍
ആദ്യമായി പിച്ച നടക്കാന്‍ പഠിച്ചതും…”

എപ്പോഴും അമ്മയ്ക്ക് ആണല്ലോ കവിതയില്‍ പ്രാധാന്യം. പക്ഷേ, ഇവിടെ ഈ കവിതയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അച്ഛന്റെ ധര്‍മ്മവും മറക്കരുതെന്നാണ്. സുരക്ഷിതത്വത്തിന് ഒരു അച്ഛന്റെ സാന്നിദ്ധ്യം എത്രയോ പ്രധാനമാണ്.

ഇനി റോയി തോമസിന്റെ ‘ആഗോള താപനം’ എന്ന കവിതയില്‍ നിന്ന്:
‘ഈ ഭൂഗോള ഗ്രാമം നീറിപ്പുകയുന്നു
സസ്യ ജീവജാലങ്ങള്‍ തകര്‍ന്നടിയുന്നു…’

ഭൂമിക്കു വന്നുകൊണ്ടിരിക്കുന്നതും, വരാന്‍ പോകുന്നതുമായ അവസ്ഥ കണ്ട് കവി വിലപിക്കുകയാണ്. നാം എങ്ങോട്ട് എന്ന ചോദ്യവുമായി. എ.സി ജോര്‍ജ്, റോയി തോമസ്, ജോസഫ് തച്ചാറ, സുരേന്ദ്രന്‍ നായര്‍, മാത്യു നെല്ലിക്കുന്ന്, ഉഷാ രാജേന്ദ്രന്‍, രാജേന്ദ്രന്‍ കൃഷ്ണദാസ്, ഡോളി കാച്ചപ്പിള്ളി, മോട്ടി മാത്യു, സെന്നി ഉമ്മന്‍, ചെറിയാന്‍ മഠത്തിലേത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. മലയാള സാഹിത്യത്തെ സ്വാധീനിച്ചതും അതിന്റെ വളര്‍ച്ചയിലെ വിവിധ ഘടകങ്ങളും ചര്‍ച്ചയ്ക്ക് വിധേയമായി. ഉഷാ രാജേന്ദ്രന്റെ പുതിയ കാവ്യപ്രമേയവും ശ്രുതി മാധുര്യവും സദസ്യര്‍ ഒന്നടങ്കം ആസ്വദിച്ചു. അതുപോലെ റോയി തോമസിന്റെ പ്രകൃതി സ്‌നേഹവും.

കേരള റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണ്‍ മാത്യു ആയിരുന്നു സാഹിത്യ ചര്‍ച്ചയുടെ മോഡറേറ്റര്‍. സെന്നി ഉമ്മന്‍ വീഡിയോഗ്രാഫിയും, യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ച ഫോറം സെക്രട്ടറി മോട്ടി മാത്യു ഫോട്ടോഗ്രാഫിയും കൈകാര്യം ചെയ്തു.

Kerala Writers Forum Houston always discuss about philosophical subjects

Share Email
LATEST
Top