ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിച്ചു വരൂ; ജപ്പാനില്‍ കൈനിറയെ അവസരങ്ങളെന്നു നസീ മേലേത്തില്‍

ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിച്ചു വരൂ; ജപ്പാനില്‍ കൈനിറയെ അവസരങ്ങളെന്നു നസീ മേലേത്തില്‍

തിരുവനന്തപുരം: ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ…അവിടെ അവസരങ്ങള്‍ നിറയെയാണ് എന്ന് പറയുന്നു 19 വര്‍ഷമായി ജപ്പാനില്‍ ജീവിക്കുന്ന മലപ്പുറം മഞ്ചേരി ഒടോമ്പറ്റ സ്വദേശി നസീ മേലേത്തില്‍.

ജപ്പാനില്‍ ഐടി മാനേജ്‌മെന്റ് രംഗത്ത് ജോലി ചെയ്യുന്ന നസീ ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. ‘ബ്ലൂ കോളര്‍ ജോലികള്‍ ഉള്‍പ്പെടെ ചെയ്യാവുന്ന പുതിയ തരം വിസ 2018 ല്‍ ജപ്പാന്‍ അനുവദിച്ചിട്ടുണ്ട്. ഈ വിസയില്‍ ഇപ്പോള്‍ ധാരാളം ആളുകളെ വേണം. ഈ അവസരം മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താം. വിസ ലഭിക്കാന്‍ ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിക്കണം. കെയര്‍ ഗിവിങ്, കാര്‍ഷികമേഖല, നിര്‍മാണം, ഫാക്ടറി എന്നീ രംഗങ്ങളിലാണ് ജപ്പാന് തൊഴിലാളികളെ വേണ്ടത്. അവിടെ കാര്‍ഷിക രംഗമൊക്കെ മുഴുവന്‍ യന്ത്രവത്കൃതമാണ്,’ അവര്‍ പറഞ്ഞു.

2007 ല്‍ വിവാഹശേഷമാണ് ഭര്‍ത്താവിന്റെ ജോലിസ്ഥലമായ ജപ്പാനിലെ ടോക്യോയില്‍ നസീ എത്തുന്നത്. ആ സമയം ടോക്യോയില്‍ ആകെ 50 ഓളം മലയാളികളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കൂടി. പക്ഷെ, പലരും ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പിന് ഇരയാകുന്നുണ്ട്. അത് തടയാന്‍ നോര്‍ക്കയും ജപ്പാനിലെ സര്‍ക്കാര്‍ ഏജന്‍സിയായ ജൈക്ക പോലുള്ള സംഘടനകളും നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അഞ്ചു വര്‍ഷത്തെ വിസയാണ് ജപ്പാന്‍ നിലവില്‍ നല്‍കുന്നത്. ഇത് പൂര്‍ത്തിയാക്കുകയും ആ കാലയളവില്‍ നൈപുണി രംഗത്ത് പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്ന വിദേശികള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി വിസ ഉള്‍പ്പെടെ ലഭിക്കും.

മലയാളം മീഡിയത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണ് നസീ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒടോമ്പറ്റ എല്‍ പി സ്‌കൂള്‍, ചെമ്പ്രശ്ശേരി യു പി സ്‌കൂള്‍, പാണ്ടിക്കാട് ഹൈസ്‌കൂള്‍, എംഇഎസ് മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ നസീ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഗവ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കണ്ണൂരില്‍ നിന്നും ബി ടെകും പൂര്‍ത്തിയാക്കി. ഇതിനുശേഷം ബംഗ്ലൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്തുവരവെയായിരുന്നു വിവാഹം. നിലവില്‍ ടോക്യോവില്‍ ടൊയോട്ട നിര്‍മിക്കുന്ന സിറ്റി പ്രോജക്റ്റില്‍ സ്ട്രാറ്റജിക് പ്രോഗ്രാം മാനേജ്മെന്റ് ഹെഡ് ആണ്

Learn Japanese-Level 4; There are plenty of opportunities in Japan, says Nazi Melethil

Share Email
Top