അജിത് പവാറിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മാഹാരാഷ്ട്രയിലെ രാഷ്ട്രീയ അതികായനെ

അജിത് പവാറിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മാഹാരാഷ്ട്രയിലെ രാഷ്ട്രീയ അതികായനെ

മുംബൈ: വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായ മാഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ വേര്‍പാടിലൂടെ നഷ്ടമായത് മഹാരാഷ്ട്രയിലെ രാഷ്ട്രീയ അതികായനെ. മറാത്താ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍ (66) ഇന്നു രാവിലെ ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്.
1959 ജൂലൈ 22-ന് അഹമ്മദ്നഗറിലെ ദേവ്‌ലാലി പ്രവരയില്‍ ജനിച്ച അജിത് പവാര്‍, സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചത്. ശരദ് പവാറിന്റെ അനന്തരവന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും പിന്നീട് മഹാരാഷ്ട്രയിലെ കരുത്തനായ നേതാവായി അദ്ദേഹം വളര്‍ന്നു.

1991-ല്‍ ബാരാമതിയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അമ്മാവന്‍ ശരദ് പവാറിന് വേണ്ടി ആ സീറ്റ് ഒഴിഞ്ഞുകൊടുത്തു. പിന്നീട് നിയമസഭയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം ബാരാമതി മണ്ഡലത്തെ ദശാബ്ദങ്ങളോളം പ്രതിനിധീകരിച്ചു. ജലസേചനം, ധനകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോള്‍ അദ്ദേഹം നടപ്പിലാക്കിയ ഭരണപരിഷ്‌കാരങ്ങള്‍ ശ്രദ്ധേയമായിരുന്നു. കഠിനാധ്വാനിയായ ഭരണാധികാരി എന്ന നിലയില്‍ പുലര്‍ച്ചെ മുതല്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.

അജിത് പവാറിന്റെ രാഷ്ട്രീയ യാത്ര പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നുഎന്‍സിപിയിലെ പിളര്‍പ്പും പിന്നീട് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതും ആധുനിക മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന വഴിത്തിരിവുകളായിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്തുതന്നെയായാലും ബാരാമതിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു.
ഭാര്യ സുനേത്ര പവാറും മക്കള്‍: പാര്‍ത്ഥ, ജയും.

Maharashtra has lost a political giant with the passing of Ajit Pawar.

Share Email
LATEST
More Articles
Top