ട്രംപും നെതന്യാഹുവും ഇറാന്‍ ജനതയുടെ പ്രധാന കൊലയാളികള്‍ : തുറന്നടിച്ച് ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനി

ട്രംപും നെതന്യാഹുവും ഇറാന്‍ ജനതയുടെ പ്രധാന കൊലയാളികള്‍ : തുറന്നടിച്ച് ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനി

ടെഹ്‌റാന്‍: ഇറാന്‍ ജനതയുടെ പ്രധാന കൊലയാളികള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണെന്നു തുറന്നടിച്ച് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയും മുന്‍ പാര്‍ലമെന്റ് സ്പീക്കറുമായ അലി ലാരിജാനി. എക്‌സില്‍ കുറിച്ച പോസ്റ്റിലാണ് അമേരിക്കന്‍ പ്രസിഡന്റിനും ഇസ്രയേല്‍ പ്രധാനമന്ത്രിക്കുമെതിരേ തുറന്നടിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തു മണിക്കൂറുകള്‍ക്കുള്ളിലാണ് ലാരിജാനിയുടെ ഈ കുറിപ്പ്.

ഇറാനില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാനിലെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി ട്രംപിനെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇറാന്‍ ജനതയുടെ പ്രധാന കൊലയാളികള്‍ എന്ന് രൂക്ഷമായി പരാമര്‍ശിച്ചത്. രാജ്യത്ത് പ്രതിഷേധങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ ഇതുവരെ 2,403 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇറാന്‍ ജനതയുടെ പ്രധാന കൊലയാളികളുടെ പേരുകള്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. 1- ട്രംപ്. 2- നെതന്യാഹു എന്നാണ് ലാരിജാനി എക്‌സില്‍ കുറിച്ചത്. രാഷ്ട്രീയ അസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതെന്നു ഇറാന്റെ യുഎന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി ആരോപിച്ചു.ഇത് രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ മരണങ്ങള്‍ക്ക് യുഎസും ഇസ്രായേലും ഉത്തരവാദികളാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന് അയച്ച കത്തില്‍ അമീര്‍ സയീദ് ഇറവാനി പറഞ്ഞു. ചൊവ്വാഴ്ച ട്രംപ് നടത്തിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയായാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്ത് എഴുതിയത്

സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇറാനില്‍ കുറഞ്ഞത് 2,403 പ്രതിഷേധക്കാര്‍ മരിച്ചുവെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 18 വയസ്സിന് താഴെയുള്ള 12 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. . പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം രാജ്യവ്യാപകമായി കുറഞ്ഞത് 18,137 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുംഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ വക്താവ് സിഎന്‍എന്നിനോട് പറഞ്ഞു.

Main killer: Iran security chief blasts Trump after he backs protesters

Share Email
LATEST
Top