കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയോട് മോശമായി പെരുമാറി എന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് മരിച്ചത്. ദീപക് ബസിൽ വച്ച് ലൈംഗീക അതിക്രമം കാട്ടിയെന്നായിരുന്നു യുവതിയുടെ ആരോപണം. ശനിയാഴ്ചയാണ് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബസിൽ വെച്ച് പെൺകുട്ടി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ യുവാവിനെതിരെ ഉണ്ടാവുകയും ചെയ്തിരുന്നു.
സംഭവത്തിൽ മനോവിഷമത്തിലായിരുന്ന യുവാവ് തീവ്രമായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ മാനസികമായ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിൽ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ദിശ (DISHA): 1056
മൈത്രി (Maithri): 0484-2540501













