തിരുവനന്തപുരം: മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ ജനപ്രതിനിധികളെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി .പ്രസ്താവന പിന്‍വലിച്ച് കൊണ്ടാണ് സജി ചെറിയാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും സമ്മര്‍ദ്ദം ഏറിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഖേദം പ്രകടനം. എന്നാല്‍ മന്ത്രിയുടെ ഖേദപ്രകടനത്തിലോ
തിരുത്തലില്‍ തീരുന്നതല്ല വിഷയമെന്നു പ്രതിപക്ഷം മുന്നോട്ടുവെച്ചു. വര്‍ഗീയ ദ്രുവീകരണം അറിയാന്‍ കാസര്‍ഗോഡെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ ലിസ്റ്റ് നോക്കിയാല്‍ മതിയെന്നായിരുന്നു സജിയുടെ പ്രതികരണം.
ഇന്ന് ഉച്ചകഴിഞ്ഞ് ചെങ്ങന്നൂരില്‍ വാര്‍ത്താ സമ്മേളനം നടത്തി ഖേദപ്രകടനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പത്രസമ്മേളനം വിളിച്ച് കൂടുതല്‍ പുലിവാലാക്കേണ്ട എന്ന ധാരണയെ തുടര്‍ന്നാണ് ഖേദപ്രകടനം പത്രക്കുറിപ്പിലൂടെ ഇറക്കിയത്. എന്നാല്‍ മന്ത്രിയുടെ ഖേദപ്രകടനത്തോടെ കാര്യങ്ങള്‍ അവസാനിക്കില്ലെന്നും മന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മന്ത്രി സജി ചെറിയാന്റെ ഖേദപ്രകടന വാര്‍ത്താകുറിപ്പ് ചുവടെ
കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയില്‍ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ സ്വീകരിച്ചതും പുലര്‍ത്തിയതുമായ മതനിരപേക്ഷമായ എന്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് ഇപ്പോള്‍ നടക്കുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍.
മതചിന്തകള്‍ക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്‌നേഹിക്കുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്റെ പൊതുജീവിതത്തെ വര്‍ഗ്ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല.
രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സി.പി.ഐ(എം) പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കഴിഞ്ഞ 42 വര്‍ഷത്തെ എന്റെ പൊതുജീവിതം ഒരു വര്‍ഗ്ഗീയതയോടും സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങള്‍ നേരിട്ടയാളുകൂടിയാണ് ഞാന്‍. അത് എന്റെ നാട്ടിലെ ജനങ്ങള്‍ക്കും എന്നെ അറിയുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്.
എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങള്‍ക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ പറഞ്ഞതില്‍ തെറ്റിദ്ധരിച്ച് എന്റെ ഉദ്ദേശശുദ്ധിയെ പ്രയാസമോ ആര്‍ക്കെങ്കിലും വേദനയോ മനസ്സിലാക്കാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു.
Minister Cherian finally expresses regret over Malappuram remark: Opposition says the issue will not be resolved with correction













